atl25ac

ആറ്റിങ്ങൽ: ആലംകോട് ജംഗ്ഷനിലെ ഹോട്ടലുകളിലെ മാലിന്യങ്ങൾ ഓടയിലേയ്ക്ക് കുഴൽ വച്ച് തുറന്നു വിടുന്നതായി നാട്ടുകാർ നൽകിയ പരാതി ശരിയാണെന്ന് തെളിഞ്ഞു. നഗരസഭ ഓടയുടെ സ്ലാബ് ഇളക്കി പരിശോധിച്ചപ്പോൾ മലിന ജലം ഒഴുക്കാനുള്ള വാൽവ് മിക്ക കടക്കാരും ഓടയിലേയ്ക്കാണ് തുറന്നു വച്ചതെന്ന് കണ്ടെത്തി. ഇതനുസരിച്ച് കടക്കാർക്ക് നോട്ടീസ് നൽകുമെന്നും ഗുരുതരമായ ചട്ടലംഘനം നടത്തിയതിന് പൊലീസിൽ പരാതി നൽകുമെന്നും ചെയർമാൻ എം. പ്രദീപ് പറഞ്ഞു. കഴിഞ്ഞ ദിവസം മഴപെയ്ത സമയത്ത് ആലംകോട് ഭാഗത്തു നിന്നും ഓട വഴി വാമനപുരം നദിയിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം ഒഴുക്കിവിട്ടതായി നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മഴപെയ്യുന്ന സമയം നോക്കി ഹോട്ടലുകളിലെ മാലിന്യ ടാങ്കുകളിൽ നിന്നും മലിന ജലം പമ്പു ചെയ്ത് ഓടയിലേയ്ക്ക് ഒഴുക്കുന്നത് പതിവാണെന്ന് നാട്ടുകാരുടെ പരാതി.