നേമം: രാജഭരണ നാളുകളിൽ കാൽനട യാത്രക്കാർക്കും തലചുമടുമായി വരുന്നവർക്കും വിശ്രമിക്കാനും ഭക്ഷണം കഴിക്കുന്നതിനും തലചുമടുകൾ പരസഹായം കൂടാതെ ഇറക്കി വയ്ക്കുന്നതിനും അന്തിയുറങ്ങുന്നതിനും സ്ഥാപിക്കപ്പെട്ട വഴിയമ്പലങ്ങളും ചുമടുതാങ്ങികളും വിസ്മൃതിയിലാകുന്നു.
പന്നിയും, കരടികളും ചെന്നായ്ക്കളും സ്വതന്ത്ര വിഹാരം നടത്തിയിരുന്ന ഈ പ്രദേശങ്ങളിലെ കർഷകർക്കും കാൽനട യാത്രക്കാർക്കും ഭരണാധികാരികൾ നൽകിയ സാന്ത്വനമായിരുന്നു ഇവ. വഴിയമ്പലങ്ങൾക്കു ചുറ്റും തീപ്പന്തങ്ങൾ കുത്തി നിറുത്തി ഒരാളെ കാവലേല്പിച്ചായിരുന്നു യാത്രക്കാരുടെ ഉറക്കം. താലൂക്കിലെ തന്നെ ബാലരാമപുരം, പളളിച്ചൽ, നരുവാമൂട്, കാരയ്ക്കാമണ്ഡപം, കെെമനം തുടങ്ങിയ സ്ഥലങ്ങളിലുടനീളം സ്ഥാപിച്ചിരുന്ന ചുമടുതാങ്ങികൾ ഏറെ പോയ്മറഞ്ഞു.