തിരുവനന്തപുരം: കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി എൻ.ക്യൂ.എ.എസ് (നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്) അംഗീകാരത്തിന് അർഹമായി. കാസർകോട് ജില്ലയിലെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം 99 ശതമാനം മാർക്ക് നേടി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി മാറി.
ഈ വർഷം സംസ്ഥാനത്തെ 140 ആശുപത്രികളാണ് എൻ.ക്യൂ.എ.എസ് അംഗീകാരത്തിനായി ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. ഒ.പി., ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, ഇൻഫെക്ഷൻ കൺട്രോൾ, ശുചിത്വം, സൗകര്യങ്ങൾ, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3,500 പോയിന്റുകൾ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.
ഇതോടെ രാജ്യത്തെ ആദ്യ സ്ഥാനങ്ങളിലുള്ള അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിന് സ്വന്തമായിരിക്കുകയാണ്. ഇതുവരെ കേരളത്തിലെ 23 ആശുപത്രികൾക്ക് എൻ.ക്യൂ.എ.എസ്. അംഗീകാരം ലഭിച്ചു. മൂന്ന് ആശുപത്രികൾ ദേശീയതല പരിശോധന കഴിഞ്ഞ് ഫലം കാത്തിരിക്കുന്നു. സംസ്ഥാനത്തെ 51 ആശുപത്രികൾ സംസ്ഥാനതല അംഗീകാര പരിശോധന കഴിഞ്ഞ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
എൻ.ക്യൂ.എ.എസ് പുരസ്‌കാരം ലഭിച്ച മറ്റ് സ്ഥാപനങ്ങൾ.
കണ്ണൂർ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, 97 ശതമാനം
കാസർകോട് വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം
കാസർകോട് കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം),
കണ്ണൂർ തേർത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം),
തിരുവനന്തപുരം ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം),
പാലക്കാട് പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം)