നെടുമങ്ങാട്: നെടുമങ്ങാട്, അരുവിക്കര തുടങ്ങിയ രണ്ട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ നെടുമങ്ങാട് - അരുവിക്കര - വെള്ളനാട് റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നതിന് 41.60 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. എന്നാൽ പാതിവഴിയിലായ റോഡിന്റെ നവീകരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്. രണ്ട് വർഷം പിന്നിട്ടിട്ടും പദ്ധതിയിപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. ചിലയിടങ്ങളിൽ സ്ഥലം ഏറ്റെടുത്തതൊഴിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്.
സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ അംഗീകാരം ലഭിച്ച മൂന്ന് റോഡുകളിൽ ഒന്നാണിത്. മഞ്ച റോഡ് തുടങ്ങുന്ന നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നിന്നും മഞ്ച, കളത്തറ, മുള്ളിലവിൻമൂട് വഴി അരുവിക്കര ജംഗ്ഷനിലെത്തി പൊലീസ് സ്റ്റേഷൻ വഴി വെള്ളനാട്-കുളക്കോട് അവസാനിക്കുന്ന രീതിയിൽ 11 കിലോ മീറ്റർ ദൂരം റോഡാണ് നവീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. നിലവിലെ റോഡിന്റെ വീതി വർദ്ധിപ്പിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഓടയും സംരക്ഷണ ഭിത്തിയും കലുങ്കുകളും നടപ്പാതയും നിർമ്മിച്ച് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് തീരുമാനം. വീതി കൂട്ടുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നല്കുന്നതിനായി 10.32 കോടി രൂപ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ വാട്ടർ അതോറിട്ടിയുടെ എസ്റ്റിമേറ്റ് പ്രകാരം പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് 3 കോടി രൂപയും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് 26.30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.