kunnathumala

വർക്കല: ചെമ്മരുതി പഞ്ചായത്തിലെ കുന്നത്തുമല പാറമടയിലെ കുളങ്ങളിലെ വെള്ളം ശുദ്ധീകരിച്ച് വീട്ടാവശ്യത്തിന് നൽകി തുടങ്ങി. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായാണ് പാറമടയിലെ വെള്ളം ശുദ്ധീകരിച്ച് നൽകുന്നത്. വാമനപുരം പദ്ധതി വഴിയുള്ള വെള്ളം കിട്ടാതായതിനെ തുടർന്നാണ് പാറമടയിലെ കുളങ്ങളിലെ സമൃദ്ധമായ വെ്ളളം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട 2017-ലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. അന്ന് ജില്ലാ കളക്ടർ കുന്നത്തുമല പാറമടയിലെ കുളങ്ങൾ ഏറ്റെടുത്ത് ജല അതോറിട്ടിക്ക് കൈമാറിയിരുന്നു. ചെമ്മരുതി പഞ്ചായത്തിന്റെ സഹായത്തോടെ ജല അതോറിട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. കുന്നത്തുമലയിൽ താല്‍ക്കാലിക ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചാണ് വെള്ളം ശുദ്ധീകരിച്ച് നൽകുന്നത്. വലിയ ഹോസുപയോഗിച്ച് പാറമടയിൽ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ടാങ്കറുകളിൽ വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അരമണിക്കൂർ കൊണ്ട് 5000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാനാകും. ചെമ്മരുതി പഞ്ചായത്തിൽ രണ്ട് വാഹനങ്ങളിലായാണ് ദിവസവും വെള്ളം വിതരണം ചെയ്യുന്നത്. വർക്കല നഗരസഭയിലേക്കും പാറമടയിലെ വെള്ളം കൊണ്ടുപോകുന്നുണ്ട്. കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പുതിയ സംവിധാനം ആശ്വാസമായി.