തിരുവനന്തപുരം: രണ്ടാം ദിവസവും കടൽക്ഷോഭത്തിന്റെ ആശങ്ക അകലാതെ തീരവാസികൾ. ഇന്നലെ പകൽ തീവ്രത കുറഞ്ഞെങ്കിലും വൈകിട്ട് വേലിയേറ്റ സമയത്ത് തിര ശക്തമായി അടിച്ചുകയറുകയാണ്. ഇതോടെ വലിയതുറ, ശംഖുംമുഖം, പൂന്തുറ പ്രദേശത്തെ രണ്ടാംനിര വീടുകളുടെ നിലനില്പ് ഭീഷണിയിലായി. തീരത്തോട് ചേർന്നുള്ള ഒന്നാംനിര വീടുകളിൽ ബുധനാഴ്ച വെള്ളം കയറിയിരുന്നു. വലിയതുറയിലെ കുഴിവിളാകം, കറുപ്പായി റോഡ്, കടൽപാലം, ചെറിയതുറ, കൊച്ചുതോപ്പ് എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുള്ളത്. ഈ പ്രദേശത്ത് ബുധനാഴ്ച 4 വീടുകളും ഇന്നലെ 5 വീടുകളും തിരയടിയിൽ തകർന്നു. പല വീടുകളും തകർച്ചാ ഭീഷണിയിലായതോടെ വീട്ടിലുള്ളവർ ഒഴിഞ്ഞുപോയിത്തുടങ്ങി. തിരയടി കുറയുന്ന സമയത്ത് വീടുകളിലെത്തി വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയും വീട്ടുസാധനങ്ങൾ മാറ്റുകയുമാണ് ആളുകൾ.
വലിയതുറയിലേതു പോലെ ഭീതിദമല്ല പൂന്തുറയിലെ സ്ഥിതി. ചേരിയാമുട്ടം ഭാഗത്ത് വൈകിട്ട് വലിയ തിരയടി രൂപപ്പെട്ടെങ്കിലും മത്സ്യത്തൊഴിലാളികൾ വള്ളമിറക്കുന്നുണ്ട്. ശംഖുംമുഖത്ത് കഴിഞ്ഞ മഴക്കാലത്തേതിനു സമാനമായി തീരം കടലെടുക്കുന്ന സ്ഥിതിയാണ്. ഇവിടെ ആളുകളെ ഇറക്കുന്നില്ല. അപകടമേഖലയെന്നു കാണിച്ച് തീരത്ത് കയർ കെട്ടിയിട്ടുണ്ട്. ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാൻ കൂടുതൽ ലൈഫ് ഗാർഡുകളെ ചുമതലപ്പെടുത്തി. മത്സ്യബന്ധനവള്ളങ്ങൾ കരയ്ക്ക് കയറ്റിയിട്ടിരിക്കുകയാണ്. തൊഴിൽ മുടങ്ങാതിരിക്കാൻ വള്ളങ്ങൾ ലോറിയിൽ കയറ്റി പൂന്തുറയിലെത്തിച്ചാണ് കടലിൽ ഇറക്കുന്നത്. അതേസമയം കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശത്തെ മറികടന്ന് ഇന്നലെ വൈകിട്ട് നിരവധി പേരാണ് പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയിട്ടുള്ളത്.

മഴക്കാലത്തെ പേടിച്ച് വലിയതുറക്കാർ

വലിയതുറ പാലത്തിനു സമീപത്തെ ഗ്രൗണ്ടും പള്ളിമുറ്റവും പകുതിയിലേറെയും കടലെടുത്തു. ഈ പ്രദേശത്ത് തിരയടി മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചിട്ടുണ്ടെന്നും കടലിന് ആഴം കൂടിയിട്ടുണ്ടെന്നും തീരവാസികൾ പറയുന്നു. തിരയടി തടയാൻ പുലിമുട്ടില്ലാത്തതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടുന്നത്. ഈ സ്ഥിതി തുടർന്നാൽ ജൂൺ, ജൂലായ് മാസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നും തീരവാസികൾ ആശങ്കപ്പെടുന്നു. ഇപ്പോഴത്തെ തിരയടിയുടെ ലക്ഷണം വച്ച് മഴക്കാലത്ത് തീരത്തെ രണ്ടാംനിര വീടുകളിൽ വരെ തിരയടിക്കുമെന്നും പേടിയോടെയാണ് അതിനെ കാത്തിരിക്കുന്നതെന്നും അവർ ആശങ്ക പങ്കുവച്ചു.


19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ജില്ലയുടെ തീരമേഖലകളിൽനിന്ന് 19 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. വലിയതുറ മേഖലയിൽനിന്നാണ് കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചത്. വലിയതുറ ബഡ്സ് യു.പി സ്‌കൂൾ, വലിയതുറ ഗവ. യു.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. ബഡ്സ് യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എട്ടു കുടുംബങ്ങളിലെ 34 പേരും വലിയതുറ യു.പി.എസിൽ 11 കുടുംബങ്ങളിൽ നിന്നുള്ള 35 പേരും താമസിക്കുന്നുണ്ട്.


കടലിൽ പോയിട്ടുള്ളവർ മടങ്ങിവരണമെന്ന് മുന്നറിയിപ്പ്

തെക്കുകിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള സമുദ്രഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ കേരളതീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതു മുൻനിറുത്തി കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ള എല്ലാവരും ഇന്ന് അതിരാവിലെതന്നെ മടങ്ങിയെത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

മുൻകരുതലെടുത്തിട്ടുണ്ടെന്ന് മന്ത്രി

ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ദുരന്ത നിവാരണ അതോറിട്ടി അടിയന്തരമായി ചെയ്യേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർമാർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കടൽക്ഷോഭം രൂക്ഷമായ വലിയതുറ തീരം മന്ത്രി സന്ദർശിച്ചു.