തിരുവനന്തപുരം: മാതൃകാപെരുമാറ്റച്ചട്ടലംഘനങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'സിവിജിൽ' മൊബൈൽ ആപ്പ് വഴി ലഭിച്ച പരാതികളുടെ എണ്ണത്തിൽ കേരളത്തിന് റെക്കോർഡ് നേട്ടം. ലഭിച്ച പരാതികളിൽ 92 ശതമാനവും പരിഹരിച്ച് കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലെത്തി. 78 ശതമാനമാണ് ദേശീയശരാശരി. സംസ്ഥാനതിരഞ്ഞെടുപ്പ് വിഭാഗത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിനന്ദിച്ചു.
സി വിജിൽ വഴി ദേശീയതലത്തിൽ ലഭിച്ചത് 1,24,424 പരാതികളാണ്. ഇതിൽ 64,020 എണ്ണവും കേരളത്തിൽ നിന്നാണ്. പരാതികളിൽ 58,617 പരാതികൾ ശരിയാണെന്ന് കണ്ടെത്തി നടപടിയെടുത്തു.
മദ്ധ്യപ്രദേശിനാണ് രണ്ടാംസ്ഥാനം. 13,583 പരാതികൾ ലഭിച്ചു. 8174 പരാതികളുമായി ബംഗാൾ മൂന്നാമതെത്തി.
കേരളത്തിൽ ലഭിച്ച പരാതികളിൽ കൂടുതലും ഹോർഡിംഗുകൾ, പോസ്റ്ററുകൾ തുടങ്ങിയവയെക്കുറിച്ചായിരുന്നു. പ്രചാരണവിലയ്ക്കുള്ള കാലത്തെ പ്രചാരണം, വിദ്വേഷപ്രസംഗം, അനുമതിയില്ലാതെ കോൺവോയ് വാഹനമുപയോഗിക്കൽ, ബൂത്തിനുസമീപം പ്രചാരണം, സമയപരിധികഴിഞ്ഞ് സ്പീക്കർ ഉപയോഗം തുടങ്ങി 16 വിഭാഗങ്ങളിലായാണ് സിവിജിൽ വഴി പരാതികൾ സ്വീകരിക്കുക. തെളിവായി ആപ്പ് വഴി വീഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാം.വോട്ടർമാരെ ബോധവത്കരിക്കാൻ കഴിഞ്ഞതാണ് കേരളത്തിൽ ഇൗ നേട്ടം ലഭിക്കാൻ സഹായകരമായതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ പറഞ്ഞു.