ipl-rcb-win
ipl rcb win

പഞ്ചാബിനെ തോൽപ്പിച്ച് ബാംഗ്ളൂർ പ്ളേ ഓഫിലേക്ക്

നോക്കുന്നു

ബംഗളുരു : കഴിഞ്ഞ രാത്രി പഞ്ചാബ് കിംഗ്‌സ് ഇലവനെതിരായ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ വിജയം കണ്ട ആരാധകർക്ക് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. ഈ കളി അല്പം നേരത്തെ ആയിക്കൂടായിരുന്നോ?

ഈ സീസണിലെ ആദ്യത്തെ ആറ് മത്സരങ്ങളും തോറ്റ വിരാട് കൊഹ്‌ലിയുടെ ടീം പിന്നീടുള്ള അഞ്ച് കളികളിൽ നാലിലും ജയിച്ചിരിക്കുകയാണ്. പഞ്ചാബ് കിംഗ്സിനെതരായ 17 റൺസ് വിജയത്തോടെ ആദ്യമായി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് ഒരുപടി കയറുകയും ചെയ്തു. 202/4 എന്ന സ്കോർ ഉയർത്തിയശേഷം പഞ്ചാബിനെ 185/7 ൽ ഒതുക്കിയാണ് കൊഹ്‌ലിപ്പട സീസണിലെ നാലാം വിജയം ആഘോഷിച്ചത്.

ഒന്നിന് പിന്നാലെ ഒന്നായി ആറ് മത്സരങ്ങൾ തോറ്റതോടെ ബാംഗ്ളൂരിന്റെ പ്ളേ ഒഫ് പ്രതീക്ഷകൾ തീർന്നെന്ന് കരുതിയതാണ്. എന്നാൽ ഈ നാല് വിജയങ്ങൾ അവരുടെ വാതിൽ അത്ര ചേർത്തടയ്ക്കാറായിട്ടില്ല എന്ന് സൂചിപ്പിക്കുന്നു. ഇനി മൂന്ന് കളികളാണ് ബാംഗ്ളൂരിനുള്ളത്. അതുമൂന്നും ജയിച്ചാൽ 14 പോയിന്റാകും. ഡൽഹി (14) ചെന്നൈ (16) എന്നിവർ ഇപ്പോൾ പ്ളേ ഒഫ് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. മുംബയ് (12), ഹൈദരാബാദ് (10), പഞ്ചാബ് (10) എന്നിവരുടെ ഇനിയുള്ള പ്രകടനങ്ങളും കൂടികണ്ടാലേ ആരൊക്കെ പ്ളേ ഓഫിലെത്തൂ എന്ന് പറയാനാകൂ എന്ന് സാരം.

ഇനി ബാംഗ്ളൂരിന് നേരിടാനുള്ളത് ഡൽഹി, രാജസ്ഥാൻ, ഹൈദരാബാദ് എന്നീ ടീമുകളെയാണ്. ഇത് മൂന്നും വിജയിക്കുക എത്ര എളുപ്പവുമല്ല. എന്നാൽ അവസാന നിമിഷത്തെ അത്ഭുതം കാത്തിരിക്കുകയാണ് വിരാട് കൊഹ്‌ലിയും കൂട്ടരും. പക്ഷേ ഒരല്പം നേരത്തെ ഉണർന്നിരുന്നെങ്കിൽ എന്നൊരു കുറ്റബോധം ഇല്ലാതില്ല.

സ്‌റ്റെയ്ൻ, ദേ വന്നൂ,

ദാ പോയി

ബംഗളൂരു : കഴിഞ്ഞവാരം പകരക്കാരനായി ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിലേക്ക് എത്തിയ ദക്ഷിണാഫ്രിക്കൻ പേസർ ഡേൽ സ്റ്റെയ്ൻ പരിക്കേറ്റ് മടങ്ങുന്നു. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പാണ് സ്റ്റെയ്‌നിന്റെ തോളിന് പരിക്കേറ്റത്. ലോകകപ്പ് ടീമിലുള്ളതിനാൽ ഐ.പി.എല്ലിൽ ഇനി കളിച്ച് പരിക്ക് വഷളാക്കേണ്ടെന്നാണ് താരത്തിന്റെ തീരുമാനം. രണ്ട് മത്സരങ്ങൾ മാത്രമാണ് സ്റ്റെയ്‌‌ൻ ഈ ഐ.പി.എല്ലിൽ കളിച്ചത്. (ചെന്നൈയ്ക്കും കൊൽക്കത്തയ്ക്കും എതിരെ) രണ്ട് വിക്കറ്റുകൾ വീതം ഇരു മത്സരങ്ങളിലും സ്വന്തമാക്കി. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റെയ്‌ൻ ഐ.പി.എല്ലിൽ കളിക്കാനെത്തിയത്.

ഇന്നത്തെ മത്സരം

ചെന്നൈ Vs മുംബയ്

(രാത്രി 8 മുതൽ)