umpire-ball-missing
umpire ball missing

ബംഗളൂരു : കഴിഞ്ഞ രാത്രി ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെ പന്ത് കാണാതെ പോയത് കൗതുകമായി. ബാംഗ്ളൂരിന്റെ ബാറ്റിംഗിന്റെ ഇടയിലാണ് സംഭവം. സ്ട്രാറ്റജിക് ടൈമൗട്ട് കഴിഞ്ഞ് വീണ്ടും കളി തുടങ്ങാൻ നേരമാണ് പന്ത് കാണാതെ ബൗളിംഗ് ടീം അന്തംവിട്ടത്. മാച്ച് റഫറി ഇതിനിടയിൽ പുതിയ പന്തുമായി ആളെ വിടുകയും ചെയ്തു. പന്തെവിടെപ്പോയി എന്ന് ടിവി അമ്പയർ ദൃശ്യങ്ങൾ റീവൈൻഡ് ചെയ്ത് പരിശോധിച്ചപ്പോഴാണ് '' കള്ളനെ " പിടികിട്ടിയത്. അമ്പയറായിരുന്നു പന്ത് കള്ളൻ.

ബ്രേക്കിന് പിരിഞ്ഞപ്പോൾ കളിക്കാർ പന്ത് അമ്പയർ ഷംസുദ്ദീനെ ഏൽപ്പിച്ചു. അദ്ദേഹം അത് സ്വാഭാവികമായി തന്റെ പാന്റ്സിന്റെ പോക്കറ്റിലിടുകയും ചെയ്തു. എന്നാൽ കളി വീണ്ടും തുടങ്ങാൻ നേരത്ത് താൻ പന്ത് പോക്കറ്റിലിട്ടിരിക്കുകയാണെന്ന് അദ്ദേഹം മറന്നുപോയി. ഗ്രൗണ്ടിലാകെ പന്തന്വേഷിക്കാനും തുടങ്ങി.

ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഫോർത്ത് അമ്പയർ അറിയിച്ചപ്പോഴാണ് പന്ത് പോക്കറ്റിലുണ്ടെന്ന് അദ്ദേഹം ചമ്മലോടെ തിരിച്ചറിഞ്ഞത്.