മാഞ്ചസ്റ്റർ സിറ്റി 2-0ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി
പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ സിറ്റി വീണ്ടും ഒന്നാം സ്ഥാനത്ത്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മാഞ്ചസ്റ്റർ നഗര വൈരികളുടെ അഭിമാനപോരാട്ടത്തിൽ വിജയം നേടി മാഞ്ചസ്റ്റർസിറ്റി കിരീടപ്പോരാട്ടത്തിൽ ഒരു ചുവടുകൂടി മുന്നോട്ടുവച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പെപ്ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ടീമിന്റെ വിജയം. ഗോൾ രഹിതമായ ആദ്യപകുതിക്കു ശേഷം 54-ാം മിനിട്ടിൽ ബെർനാഡോ സിൽവയും 66-ാം മിനിട്ടിൽ ലെറോയ് സാനേയുമാണ് യുണൈറ്റഡിന്റെ നെഞ്ചത്തേക്ക് നിറയൊഴിച്ചത്.
ഈ സീസണിലെ രണ്ട് മാഞ്ചസ്റ്റർ ഡർബിയിലും വിജയം നേടുന്ന ടീമായി ഇതോടെ സിറ്റി മാറി. ഒക്ടോബറിൽ സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ പരാജയം. കഴിഞ്ഞയാഴ്ച എവർട്ടണിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും ഉണർന്നിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ തോൽവി മറ്റൊരു ആഘോതമായിട്ടുണ്ട്.
7. പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ സിറ്റിയുടെ ഏഴും വിജയാണിത്. മറ്റൊരു ടീമും പ്രിമിയർ ലീഗിൽ ഇത്രയേറെ തവണ ഈ ഗ്രൗണ്ടിൽ വിജയിച്ചിട്ടില്ല.
157 ഗോളുകളാണ് ഈ സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നുമായി സിറ്റി അടിച്ചുകൂട്ടിയിരിക്കുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ളീഷ് ക്ളബ് എന്ന റെക്കാഡും സിറ്റി സ്വന്തമാക്കി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 35 മത്സരങ്ങളിൽ നിന്ന് 89 പോയിന്റായി. 35 മത്സരങ്ങളിൽ നിന്ന് 88 പോയിന്റുള്ള ലിവർ പൂളിനെ മറികടന്നാണ് സിറ്റി വീണ്ടും ഒന്നാതെത്തിയത്. കുറച്ചു നാളായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും കിരീടത്തിനായി ഇഞ്ചോടിഞ്ച് പൊരുതുകയാണ്. ഇനി മൂന്ന് മത്സരങ്ങളാണ് ഇരുവർക്കും അവശേഷിക്കുന്നത്. ഇതോടെ ഫോട്ടോ ഫിനിഷിലേക്കാണ് ലീഗ് പോകുന്നതെന്ന് ഉറപ്പായി.
ആഴ്സനലിന് തോൽവി
പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ വോൾവർ ഹാംപ്ടൺ 3-1ന് ആഴ്സനലിനെ തോൽപ്പിച്ചു. ഇതോടെ ആഴ്സനൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. വോൾവറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ ആഴ്സനൽ മൂന്ന് ഗോളുകളും വഴങ്ങുകയായിരുന്നു. 28-ാം മിനിട്ടിൽ റൂബൻ നെവെസ്, 37-ാം മിനിട്ടിൽ ഡോബർട്ടി, 45-ാം മിനിട്ടിൽ ഡീഗോജോട്ട എന്നിവരാണ സ്കോർ ചെയ്തത്. 80-ാം മിനിട്ടിൽ പപസ്താത്തോ പൗലോസാണ് ആഴ്സനലിന്റെ ആശ്വാസ ഗോളടിച്ചത്.
പ്രിമിയർലീഗ് പോയിന്റ് ടേബിൾ
(ടീം, കളി, പോയിന്റ്)
മാഞ്ചസ്റ്റർ സിറ്റി 35- 89
ലിവർപൂൾ 35- 88
ടോട്ടൻഹാം 35 -70
ചെൽസി 35- 67
ആഴ്സനൽ 35- 66
മാഞ്ചസ്റ്റർ യുണൈറ്റഡ് 35- 64