1

പൂവാർ: ഇന്നും നാളെയുമായി സെന്റ് ബെർത്തലോമിയ ഫുട്ബാൾ അക്കാഡമി ഗ്രൗണ്ടിൽ നടക്കുന്ന സെന്റ് ബെർത്തലോമിയ കപ്പ് -2019ന് ആവേശപൂർവം കാത്തിരിക്കുകയാണ് പൂവാറിലെ ജനത. സെന്റ് ബെർത്തലോമിയ ഫുട്ബാൾ അക്കാഡമിയിലെ വിദ്യാർത്ഥികൾക്ക് മികച്ച മത്സര പരിചയം ഒരുക്കുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലേയും 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സെന്റ് ബെർത്തലോമിയ കപ്പിനു അരങ്ങൊരുങ്ങുന്നത്. പൂവാർ ഗ്രാമത്തിൽ ഒരു കായിക സംസ്കാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ അക്കാഡമിക്ക് കഴിഞ്ഞ 8 വർഷങ്ങൾക്കുള്ളിൽ 8 ദേശീയ താരങ്ങളെയും 8 ദേശീയ യൂണിവേഴ്സിറ്റി താരങ്ങളെയും 30 ഓളം സംസ്ഥാന താരങ്ങളെയും നിരവധി ഡിപ്പാർട്ട്മെന്റ് - ജൂനിയർ ഐലീഗ് - താരങ്ങളെയും വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ അംഗീകാരമുള്ള 4 കോച്ചുമാരുടെ മേൽനോട്ടത്തിൽ 400 ഓളം പേർ അക്കാഡമിയിൽ പരിശീലനം നടത്തിവരികയാണ്. പക്ഷേ സംഘടനയ്ക്കോ ഗ്രൗണ്ടിന്റെ നവീകരണത്തിനായോ പഞ്ചായത്തിന്റെയോ, സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്.