തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം 27 മുതൽ മേയ‌് 15 വരെ നടത്താൻ നഗരസഭ കൗൺസിൽ തീരുമാനം. 27ന‌് മേയറുടെ അദ്ധ്യക്ഷതയിൽ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ഡി.എം.ഒ, ഡി.പി.എം എന്നിവരുടെ യോഗം നടക്കും. 29 മുതൽ 30 വരെ ശുചിത്വ ആരോഗ്യ സമിതികൾ ചേരും. 50 വീടുകൾക്ക‌് ഒരു വോളന്റിയറെ തിരഞ്ഞെടുത്ത‌് ഉറവിട നശീകരണത്തിന‌് യോഗത്തിൽ രൂപം നൽകും. മേയ‌് ഒന്ന‌് മുതൽ 7 വരെ ഓടകൾ ശുചീകരിക്കും. നാല‌് മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, കല്യാണമണ്ഡപങ്ങൾ, ക്ലബുകൾ, ചന്തകൾ, കവലകൾ കേന്ദ്രീകരിച്ച‌് ബോധവത്കരണ പ്രവർത്തനം. എട്ട‌് മുതൽ മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തും. തുടർന്ന‌് പ്ലാസ‌്റ്റിക‌്, ചില്ല‌്, അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും സംസ‌്കരിക്കുകയും ചെയ്യും. 15ന‌് സർക്കാർ വിദ്യാലയങ്ങൾ, അംഗൻവാടികൾ, നഗരസഭ നഴ‌്സറികൾ എന്നിവയുടെ ശുചീകരണം. ആരോഗ്യ സ‌്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ ആക‌്ഷൻ പ്ലാൻ അവതരിപ്പിച്ചു.
പൈപ്പിടാൻ റോഡ‌് വെട്ടിപ്പൊളിക്കൽ: അപേക്ഷയിൽ ഒരാഴ‌്ചയ്ക്കുള്ളിൽ നടപടി
തിരുവനന്തപുരം: കുടിവെള്ള പൈപ്പിടുന്നതിന‌് റോഡ‌് വെട്ടിപ്പൊളിക്കാനുള്ള അപേക്ഷയിൽ ഒരാഴ‌്ചയ്ക്കുള്ളിൽ അനുമതി. കൗൺസിലർമാർ വഴി നൽകുന്ന അപേക്ഷ പരിശോധിച്ച‌് ഒരാഴ‌്ചയ്ക്കുള്ളിൽ അനുമതി നൽകാൻ എൻജിനിയറിംഗ് വിഭാഗത്തിന‌് മേയർ വി.കെ. പ്രശാന്ത‌് നിർദ്ദേശം നൽകി. മാൾ ഒഫ‌് ട്രാവൻകൂറിൽ സിനിമ തിയേറ്ററുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക‌് നികുതി പുനർനിർണയം നടത്താനുള്ള നികുതി അപ്പീൽകാര്യ സ‌്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശം സംബന്ധിച്ച‌് നിയമസാധുത പരിശോധിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പാർവതിപുത്തനാർ, ആമയിഴഞ്ചാൻ തോടുകളിലെ മാലിന്യങ്ങളും നീക്കും
നീരൊഴുക്ക‌് സുഗമമാക്കും
നാല‌് മുതൽ ബോധവത്കരണ പ്രവർത്തനം
എട്ട‌് മുതൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും സംസ‌്കരിക്കുകയും ചെയ്യും
11 മുതൽ 15 വരെ കൊതുക‌് നശീകരണം, ലാർവ നശീകരണം, ഉറവിട നശീകരണം