തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ നവീകരിക്കാനും അന്തർ സംസ്ഥാന സർവീസുകൾ ലാഭകരമാക്കാനുമുള്ള റിപ്പോർട്ടുകളെല്ലാം തഴഞ്ഞതിന്റെ ഫലമായാണ് ദീർഘദൂര റൂട്ടുകളിൽ മേൽക്കൈ ഇല്ലാതായതും സ്വകാര്യമേഖല കൊഴുത്തതും. പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ശ്രമിച്ച എം. ഡിമാരെയെല്ലാം തെറിപ്പിച്ച സർക്കാരുകൾ സ്വകാര്യബസ് മുതലാളിമാരെ സന്തോഷിപ്പിക്കുന്നതിൽ കവിഞ്ഞ് ഒന്നും ചെയ്‌തില്ല.
ബംഗളുരു പോലുള്ള നഗരങ്ങളിലേക്ക് മികച്ച സർവീസും ആധുനിക ബസുകളും വേണമെന്ന കാഴ്ചപ്പാടോടെ 2008ൽ വോൾവോ ബസ് നിരത്തിലിറക്കിയത് അന്നത്തെ എം.ഡി ടി.പി.സെൻകുമാറാണ്. ഈ സർവീസുകളിൽ മര്യാദയുള്ള ജീവനക്കാരെയും അദ്ദേഹം നിയമിച്ചു.
ഇവയിൽ കണ്ടക്ടർമാർക്ക് ജോലി കുറവായതിനാൽ ഡ്രൈവർ - കം - കണ്ടക്ടർ വേണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം നടപ്പായില്ല. തിരുവനന്തപുരം - ബംഗളൂരു സർവീസ് പോയി വരുമ്പോൾ ആറു ഡ്യൂട്ടിയായി കണക്കാക്കി. പിന്നെ ഒരാഴ്ച ജോലിക്കു വരേണ്ട!
അന്തർസംസ്ഥാന സർവീസുകൾ ലാഭകരമാക്കാൻ ഡ്രൈവർ - കം - കണ്ടക്ടർ വേണമെന്ന് തുടർന്ന് എം.ഡിയായ കെ.ജി.മോഹൻലാലും റിപ്പോർട്ട് നൽകി. ഉത്സവ സീസണിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ വേണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം ഭാഗികമായി അംഗീകരിക്കപ്പെട്ടു. സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ നിശ്ചിത ഫീസ് ഈടാക്കി അവർക്ക് കെ.എസ്.ആർ.ടി.സിയുടെ സ്ഥലം യാത്രക്കാരെ കയറ്റാൻ അനുവദിക്കണമെന്നും നിർദ്ദേശിച്ചു. ഡ്രൈവർ - കം - കണ്ടക്ടർ പദ്ധതിയോട് എതിർപ്പു വന്നപ്പോൾ ആദ്യത്തെ ഒരു ദിവസത്തേത് ഡ്യൂട്ടിയായി കണക്കാക്കണമെന്നും പിന്നെയുള്ളതിന് ദിവസക്കൂലിയായി അധിക തുക നൽകണമെന്നും നിർദേശിച്ചു. സംഘടനകളുടെ എതിർപ്പ് പേടിച്ച് സർക്കാർ അനുകൂലിച്ചില്ല.
തുടർന്ന് എം.ഡിയായ ആന്റണി ചാക്കോ ബംഗളുരുവിലേക്ക് കൂടുതൽ സർവീസുകൾ നടത്തി. സ്‌കാനിയ അവതരിപ്പിച്ചതും അദ്ദേഹമാണ്.
എം.ജി.രാജമാണിക്യം എം.ഡിയായപ്പോൾ ചെന്നൈ, മുംബയ് തുടങ്ങിയ നഗരങ്ങളിലേക്ക് മൾട്ടി ആക്സിൽ സർവീസുകൾ ആരംഭിക്കണമെന്ന് റിപ്പോർട്ട് നൽകി. അത് ഗതാഗത വകുപ്പ് നടപ്പാക്കിയില്ല. ഡ്രൈവർ -കം -കണ്ടക്ടർ രീതി ഭാഗികമായി നടപ്പാക്കി. പരിഷ്‌കാരത്തിന്റെ അടുത്ത ഘട്ടമായപ്പോൾ രാജമാണിക്യത്തെ മാറ്റി. പകരം വന്ന ടോമിൻ ജെ. തച്ചങ്കരി പരിഷ്‌കാരങ്ങൾ ആരംഭിച്ചു. ബസ് വാടകയ്‌ക്കെടുത്ത് ദീർഘദൂര സർവീസ് എന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. കിടന്ന് യാത്ര ചെയ്യാവുന്ന സ്ലീപ്പർ സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം സർക്കാരിന് കത്തെഴുതി. അതിനായി സർക്കാർ നിയമം മാറ്റിയെങ്കിലും ഒറ്റ സ്ലീപ്പർ ബസും വാങ്ങിയില്ല. എന്നാൽ നിയമം അനുകൂലമായതോടെ നിരവധി സ്വകാര്യ കമ്പനികൾ സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി. യാത്രക്കാർ ആകർഷിക്കപ്പെട്ടതോടെ തമിഴ്നാട്, കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളും സ്ലീപ്പർ ബസിറക്കി.