sports-news-in-brief
sports news in brief

മുഹാൻ : ചൈനയിൽ നടക്കുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാൾ, പി.വി. സിന്ധു, സമീർ വർമ്മ എന്നിവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

പ്രീക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ഖൈറുന്നിസയെ 21-15, 21-19 നാണ് സിന്ധു കീഴടക്കിയത്. 33 മിനിട്ടുകൊണ്ടായിരുന്നു സിന്ധുവിന്റെ വിജയം. സൈന പ്രീക്വാർട്ടറിൽ കൊറിയയുടെ കിം ഗായുനെ 21-13, 21-13 എന്ന സ്കോറിന് കീഴടക്കി. ക്വാർട്ടറിൽ ലോക മൂന്നാം നമ്പർ താരം അകാനെ യമാഗുചിയാണ് സൈനയുടെ എതിരാളി. സമീർ പ്രീക്വാർട്ടറിൽ ഹോംഗ്കോംഗിന്റെ എൻജി കാലോംഗിനെ 21-12, 21-19ന് കീഴടക്കിയാണ് ക്വാർട്ടറിലെത്തിയത്.

നദാൽ പ്രീ ക്വാർട്ടറിൽ

ബാഴ്സലോണ : ലിയനാർഡോ മേയറെ 6-7, 6-4, 6-2ന് കീഴടക്കി മുൻ ലോക ഒന്നാംനമ്പർ താരം റാഫേൽ നദാൽ ബാഴ്സലോണ ഓപ്പൺ ടെന്നിസിന്റെ പ്രീക്വാർട്ടറിലെത്തി. കഴിഞ്ഞ നാലുകൊല്ലത്തിനിടെ ആദ്യമായാണ് നദാൽ ഇവിടെ ഒരു സെറ്റ് നഷ്ടമാക്കുന്നത്. അതേസമയം കെയ്‌നിഷികോറി, ഡാനിൽ മെദ്‌വ ദേവ് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.

ഇന്ത്യയ്ക്ക് വെങ്കലങ്ങൾ

ഷിയാൻ : ചൈനയിൽ നടക്കുന്ന ഏഷ്യൻ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ ഇന്ത്യയ്ക്ക് രണ്ട് വെങ്കലങ്ങൾകൂടി. വനിതാവിഭാഗത്തിൽ ദിവ്യകാക്രാൻ, മഞ്ജു കുമാരി എന്നിവരാണ് വെങ്കലങ്ങൾ നേടിയത്. കഴിഞ്ഞദിവസം പുരുഷ വിഭാഗത്തിൽ ബജ്‌റംഗ് പൂനിയ സ്വർണം നേടിയിരുന്നു.