ബെയ്ജിംഗ് : ചൈനയിൽ നടക്കുന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് ഫെഡറേഷൻ ലോകകപ്പിൽ ഇന്ത്യയുടെ മനുഭാക്കർ സൗരഭ് ചൗധരി സഖ്യത്തിന് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇവന്റിൽ സ്വർണം.
ഫൈനലിൽ ചൈനീസ് എതിരാളികളെ 16-6ന് കീഴടക്കിയാണ് മനുസൗരഭ് സഖ്യം സ്വർണമണിഞ്ഞത്. ഈ വർഷമാദ്യം ഇന്ത്യയിൽ നടന്ന ലോകകപ്പിലും മനു-സൗരഭ് സഖ്യം ഈയിനത്തിൽ സ്വർണം നേടിയിരുന്നു.
ബെയ്ജിംഗിലെ ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. നേരത്തെ അൻജും മൗദ്‌ഗിൽ - ദിവ്യംഗ് സിംഗ് സഖ്യം സ്വർണം നേടിയിരുന്നു. ചൈനയുടെ ലിയു റിക്സുവാൻ - യാംഗ് ഹവോറാൻ സഖ്യത്തെ 17-15നാണ് അൻജും - ദിവ്യാംശ് സഖ്യം കീഴടക്കിയത്.
ഏഷ്യൻ ബോക്സിംഗ്
ആറ് ഇന്ത്യക്കാർ ഫൈനലിൽ
ബാങ്കോക്ക് : ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അമിത് ഭംഗൽ, കവീന്ദർ ബിഷ്ത് എന്നിവർ ഉൾപ്പെടെ ആറ് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തി.
പുരുഷ വിഭാഗത്തിൽ നാലുപേരും വനിതാ വിഭാഗത്തിൽ രണ്ടുപേരുമാണ് ഇന്ത്യക്കാരായി ഇന്നലെ സെമിഫൈനലുകളിൽ വിജയിച്ചത്. 52 കി.ഗ്രാം വിഭാഗത്തിൽ അമിത് ഭംഗലിനും 56 കി.ഗ്രാം വിഭാഗത്തിൽ കവീന്ദർ ബിഷ്തിനും 49 കി.ഗ്രാം വിഭാഗത്തിൽ ദീപക് സിംഗും 75 കി.ഗ്രാം വിഭാഗത്തിൽ ആശിഷ് കുമാറും പുരുഷ ഫൈനലുകളിൽ ഇടംപിടിച്ചു. പൂജാ റാണി (81 കി.ഗ്രാം) സിമ്രാൻജിത്ത് കൗർ (64 കി.ഗ്രാം) എന്നിവരാണ് വനിതാ വിഭാഗം ഫൈനലിലെത്തിയത്.
അതേസമയം ശിവഥാപ്പയും എൽ. സരിതാദേവിയും സെമിഫൈനലിൽ തോറ്റ് വെങ്കലത്തിലൊതുങ്ങി. ശിവഥാപ്പയുടെ തുടർച്ചയായ നാലാം ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മെഡലാണിത്.