01

പോത്തൻകോട്: മടവൂർപ്പാറ ടൂറിസം കേന്ദ്രത്തിന് പുതുജീവനേകാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ടൂറിസം പദ്ധതിയിൽ നിർമ്മാണം പുരോഗമിക്കുന്നു. 2018 ജനുവരി 17നാണ് പുതിയ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നടന്നത്. ഗ്രേറ്റ് ഇന്ത്യ ടൂറിസം പ്ലാനേഴ്‌സ് ആന്റ് കൺസൾട്ടന്റ് ഇന്റർനാഷണൽ ഏജൻസി ആസൂത്രണം ചെയ്‌ത പദ്ധതിയുടെ നിർമ്മാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. മടവൂർപ്പാറ ഗുഹാക്ഷേത്രവും പരിസരവും സംസ്ഥാന പുരാവസ്‌തു സംരക്ഷിത സ്‌മാരകമാണ്. ഇവിടെ നിന്നുള്ള സൂര്യാസ്‌തമനം വീക്ഷിക്കാൻ പ്രതിദിനം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. 1960ലെ പുരാവസ്‌തു സംരക്ഷണ നിയമപ്രകാരം 1974ലാണ് സർക്കാർ മടവൂർപ്പാറയെ സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിച്ചത്. 1999 നവംബറിൽ അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബി വയനാട്ടിലെ ഉറവ് എന്ന സംഘടന വഴി മടവൂർപ്പാറയുടെ നെറുകയിലേക്ക് 101 മീറ്റർ നീളത്തിലും ഒന്നരമീറ്റർ വീതിയിലും മുളപ്പാലം നിർമ്മിച്ച് ടൂറിസം വികസനത്തിന് തുടക്കം കുറിച്ചു. പൈതൃക പരിസ്ഥിതി സാഹസിക ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാൽ മടവൂർപ്പാറ സംസ്ഥാന ടൂറിസം മേഖലയിൽ മികച്ചനേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

------------------------------------------------------

അഡ്വെഞ്ചർ സോൺ, ആംബി തിയേറ്റർ, മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ,കഫറ്റീരിയ, ഓപ്പൺ സ്റ്റേജ്, അമിനിറ്റി സെന്റർ, സൂര്യ ഘടികാരം, കരിങ്കല്ലുപാകിയ നടപ്പാതകൾ, കല്ലിലെ ഇരിപ്പിടങ്ങൾ, യോഗ സെന്റർ, കോട്ടേജുകൾ, ഹരിത കുടിലുകൾ തുടങ്ങിയവയാണ് സന്ദർശകർക്കായി ഒരുക്കുന്നത്. ഓപ്പൺ സ്റ്റേജ്, കരിങ്കല്ലുപാകിയ നടപ്പാത എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 350 അടി

ക്ഷേത്രം നിർമ്മിച്ചത് - എ.ഡി 850ൽ

ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ

പ്രഖ്യാപിച്ചത് - 7 കോടി രൂപ