പാറശാല: പാറശാലയിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളം മുട്ടിച്ചിരുന്ന പൈപ്പ് പൊട്ടൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും പതിവാകുന്നതായി പരാതി. നേരത്തെ പരശുവയ്ക്കൽ എച്ച്.ഐ.സെന്ററിനു സമീപത്തും, ഭഗവതി ക്ഷേത്രത്തിന് സമീപം നാല് പ്രാവശ്യവും പൈപ്പ് ലൈൻ പൊട്ടിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇടിച്ചക്കപ്ലാമൂട്ടിലും പൈപ്പ് പൊട്ടി. പാറശാലയിൽ ശുദ്ധജല വിതരണം ഉറപ്പാക്കുന്നതോടൊപ്പം പൈപ്പ് പൊട്ടലിനും കുടിവെള്ളക്ഷാമത്തിനും ശാശ്വത പരിഹാരമാകുമെന്ന ധാരണയിലാണ് വണ്ടിച്ചിറ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളോടൊപ്പം പുതിയ വാട്ടർട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ പദ്ധതിയുടെ ഉദ്‌ഘാടനത്തിന് പിന്നാലെ അഞ്ചു തവണ പൈപ്പ് പൊട്ടി. നടപ്പിലാക്കിയ പുതിയ പദ്ധതിയുടെ ഭാഗമായി പാറശാലയിലെ വാട്ടർ ടാങ്കിൽ വെള്ളം എത്തിക്കുന്നതിന് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വീടുകളിലേക്കുള്ള കണക്ഷനുകളും പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലേക്കുള്ള സബ് ലൈനുകളും നിലവിലുള്ള പഴയ പൈപ്പ് ലൈനിൽ തന്നെയാണ് തുടരുന്നത്. അൻപത് വർഷത്തിലേറെ പഴക്കമുള്ള എ.സി.പൈപ്പ് ലൈൻ ആണ് കൂടുതൽ മർദ്ദം കാരണം അടിക്കടി പൊട്ടുന്നത്. വീടുകളിലേക്കുള്ള കണക്ഷനുകളും മറ്റ് സബ് ലൈനുകളും പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിലേക്ക് മാറ്റി സ്ഥാപിച്ചാൽ പൈപ്പ് പൊട്ടൽ ഒഴിവാക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.