പാലോട് : ഫേസ്‌ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയുടെ വ്യാജ നഗ്നചിത്രങ്ങൾ ഗൾഫിൽ ജോലിയുള്ള പ്രതിശ്രുത വരന് അയച്ചു കൊടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് കരിമൺകോട് സ്വദേശിയും സീരിയൽ നടനുമായ ഷാനിനെയാണ് (25) പോക്സോ, ഐ.ടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നതിങ്ങനെ : 2014 ൽ പെൺകുട്ടി ഫേസ്ബുക്കിലൂടെ ഷാനുമായി പരിചയത്തിലായി.സീരിയലിൽ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം വിവാഹ വാഗ്ദാനത്തോളം എത്തി. പലവട്ടം പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി നിരവധി ഫോട്ടോകൾ എടുത്തു.ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഇവ നഗ്നചിത്രങ്ങളാക്കി മാറ്റി. മാസങ്ങൾക്കു ശേഷം ഇരുവരും സാമ്പത്തിക വിഷയത്തിൽ തെറ്റിപ്പിരിഞ്ഞു. പിന്നീട് പെൺകുട്ടിക്ക് ഗൾഫിലുള്ള യുവാവുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ ഷാൻ നഗ്നചിത്രങ്ങൾ പ്രതിശ്രുത വരനു അയച്ചു കൊടുത്തു. മറ്റുചിലർക്കും ഈ ഫോട്ടോകൾ അയച്ചു കൊടുത്തിട്ടിട്ടുണ്ട്. ഫോട്ടോകൾ കണ്ട യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറി. ഇതറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പാലോട് സി. ഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറു വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നിന്നാണ് ഷാൻ ചിത്രങ്ങൾ അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.