കിളിമാനൂർ: ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാതവാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവരൻ മരിച്ചു.കിളിമാനൂർ കടമ്പാട്ടുകോണം ജിനീഷ് ഭവനിൽ ജിതീഷ് (28) ആണ് മരിച്ചത്. നിലമേൽ കടയ്ക്കൽ റോഡിൽ കിരാല ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 11മണിയോടെയായിരുന്ന ജിതീഷിനെ അജ്ഞാതവാഹനം ഇടിച്ചിട്ടത്. കടയ്ക്കലുള്ള ഭാര്യവീട്ടിൽ നിന്ന് കിളിമാനൂരിലെ വീട്ടിലേക്ക് വരുമ്പോൾ പാഞ്ഞെത്തിയ വാഹനം ജിതീഷിനെ ഇടിച്ചിട്ട് കടന്നുകളയുകയായിരുന്നു. യുവാവിനെ നാട്ടുകാർ കടയ്ക്കൽ സർക്കാർ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ചൊവ്വാഴ്ച മരണം സ്തിരീകരിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കളുടെ ആഗ്രഹപ്രകാരം യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്യുകയുമായിരുന്നു. വിദേശത്തായിരുന്ന ജിതീഷ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.വിവാഹം കഴിഞ്ഞിട്ട് ഒരുമാസമേ ആയുള്ളു. കടയ്ക്കൽ ചായിക്കാട് സ്വദേശി വിദ്യയാണ് പരേതന്റെ ഭാര്യ. നിർധനകുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജിതീഷ്.