ipl-kkr-vs-rr
ipl kkr vs rr

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 175/6, ദിനേഷ് കാർത്തിക് 97 നോട്ടൗട്ട്

കൊൽക്കത്ത : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെ വിജയിക്കാൻ രാജസ്ഥാൻ റോയൽസിന് വേണ്ടത് 176 റൺസ്.

ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയെ നായകൻ ദിനേഷ് കാർത്തികിന്റെ ഒറ്റയാൾ പോരാട്ടമാണ് 175/6 എന്ന സ്കോറിലെത്തിച്ചത്. 50പന്തുകളിൽ ഏഴ് ഫോറും ഒമ്പത് സിക്സുമടക്കം 97 റൺസാണ് കാർത്തിക് അടിച്ചുകൂട്ടിയത്.

കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ക്രിസ്‌ലിന്നിനെ നഷ്ടമായിരുന്നു. മൂന്നാംപന്തിൽ വരുൺ ആരോൺ ലിന്നിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ രാജസ്ഥാൻ ബൗളർമാർ നിയന്ത്രണത്തോടെ പന്തെറിഞ്ഞപ്പോൾ പവർ പ്ളേയിൽ റൺസെടുക്കാമെന്ന കൊൽക്കത്തയുടെ മോഹം പൊലിഞ്ഞു.

ശുഭ്‌മാൻ ഗില്ലും (14) നിതീഷ് റാണയും (21) ചേർന്ന് പതിയെ മുന്നോട്ടുനീങ്ങിയെങ്കിലും അഞ്ചാം ഓവറിൽ ആരോൺ വീണ്ടും അപകടം വിതച്ചു. ഇത്തവണ ഗില്ലിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു ആരോൺ. ഒൻപതാം ഓവറിൽ നിതീഷ് റാണയും കൂടാരം കയറി. ശ്രേയസ് ഗോപാലിന്റെ പന്തിൽ ആരോണിന് ക്യാച്ച് നൽകിയ റാണ 26 പന്തുകളിലാണ് 21 റൺസടിച്ചത്. ഇതോടെ കൊൽക്കത്ത 42/3 എന്ന നിലയിലായി.

തുടർന്ന് ക്രീസിലൊരുമിച്ച നായകൻ ദിനേഷ് കാർത്തിക്കും (50) സുനിൽ നരെയ്‌നും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. 8 പന്തുകളിൽ 11 റൺസ് നേടിയ നരെയ്‌ൻ 12-ാം ഓവറിൽ ആരോണിന്റെ ത്രോയിൽ റൺ ഔട്ടായി. അർദ്ധ സെഞ്ച്വറി തികച്ച ദിനേഷ് കാർത്തികിനൊപ്പം ആന്ദ്രേ റസലും കൂടിച്ചേർന്നതോടെയാണ് കൊൽക്കത്ത അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്താൻ ശ്രമം നടത്തിയത്. റസൽ 13 പന്തുകളിൽ ഒരു സിക്‌സടക്കം 14 റൺസടിച്ചു പുറത്തായ ശേഷം കാർത്തിക് കസറുകയായിരുന്നു.