cinema

റഹ്മാൻ നായകനാവുന്ന തെലുങ്ക്, തമിഴ് ചിത്രമായ സെവൻ മെയ് അവസാന വാരം പ്രദർശനത്തിനെത്തും. അന്വേഷണാത്മക സസ്‌പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മിഷണറായാണ് താരം എത്തുന്നത്. തെലുങ്കിലെ യുവ നായകൻ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഛായാഗ്രാഹകനായ നിസാർ ഷാഫി ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രത്തിന്റെ രചയിതാവും നിസാർ ഷാഫി തന്നെയാണ്. റെജീന കസാൻട്ര, നന്ദിത ശ്വേത, അദിതി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്.

ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിറുത്തുന്ന ഒരു അവതരണ രീതിയാണ് ചിത്രത്തിനായി സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്. ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ സ്​റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച സെവൻ ഹൈദരാബാദ് ,ചെന്നൈ ,പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. പി.ആർ.ഒ: സി.കെ അജയ് കുമാർ.