തിരുവനന്തപുരം: ട്വന്റി ട്വന്റി എന്ന് പുറത്തുപറയുമ്പോഴും ഇത്തവണ 20ൽ 19 സീറ്ര് പിടിക്കാമെന്ന് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പാലക്കാടാണ് യു.ഡി.എഫ് അല്പം സംശയത്തോടെ വീക്ഷിക്കുന്ന മണ്ഡലം. 1977ൽ അന്നത്തെ ഐക്യകക്ഷികൾ 20ൽ 20 സീറ്രും നേടിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഇത്രയും വലിയ വിജയം നേടാൻ പോകുന്നതെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
വർദ്ധിച്ച പോളിംഗ് ശതമാനം സംസ്ഥാന സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വികാര പ്രകടനമാണെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെതിരെയുള്ള പ്രതിഷേധവും തങ്ങൾക്കനുകൂലമായി വരുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. വടക്കൻ മേഖലയിൽ സി.പി.എം അക്രമത്തിനെതിരായ വികാരം, രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം എന്നിവയും തെക്കൻ ജില്ലകളിൽ ശബരിമല വിഷയവും അനുകൂലമാവും. കാസർകോട്ട് മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ എൽ.ഡി.എഫിനേക്കാൾ അധികം നേടുന്ന വോട്ടുകൾ കൊണ്ട് തൃക്കരിപ്പൂരിലെയും കല്യാശേരിയിലെയും പയ്യന്നൂരിലെയും ഭൂരിപക്ഷം മറികടക്കാനാവുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
കണ്ണൂരിലും വടകരയിലും അക്രമ രാഷ്ട്രീയം വിഷയമായതിനാൽ ജയിക്കുമെന്നും വിലയിരുത്തുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. കോഴിക്കോട്ട് എം.കെ. രാഘവനെതിരായ പ്രചാരണം വിലപ്പോവില്ല. രമ്യ ഹരിദാസിന് ആലത്തൂരിൽ വിജയസാദ്ധ്യയുണ്ട്. പാലക്കാട്ടാണ് പാർട്ടിക്ക് പ്രതീക്ഷ കുറവുള്ളത്. എന്നാലും കൈവിട്ടിട്ടില്ല. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകൾ കൂടുതലും ഇടതുപക്ഷത്തിന്റേതാവുമെന്നും പാർട്ടി വിലയിരുത്തുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും സീറ്റുകൾ നിലനിറുത്തും. ഇടുക്കി തിരിച്ചുപിടിക്കും. മാവേലിക്കരയും, കൊല്ലവും നിലനിറുത്തും.
ആറ്റിങ്ങലിലെ ഇടതുകോട്ട പൊളിക്കാൻ അടൂർപ്രകാശിന് കഴിയുമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
രണ്ട് സീറ്റുറപ്പിച്ച് ബി.ജെ.പി
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജയിച്ചു കയറാമെന്ന് ബി.ജെ.പി വിലയിരുത്തൽ. പോളിംഗ് ശതമാനം കൂടിയത് ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെതിരെയുള്ള പ്രതിഷേധവുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ കൂട്ടം കൂട്ടമായി പോളിംഗ് ബൂത്തിലെത്തിയത് കൊണ്ടാണെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. അതേസമയം ബി.ജെ.പിക്കെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഏതുതരത്തിൽ പ്രതിഫലിക്കുമെന്ന ആശങ്കയും പാർട്ടിയിൽ ചിലർക്കുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി ക്രോസ് വോട്ടിംഗ് ഭയപ്പെട്ടിരുന്നു. അതിന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. രണ്ടിടത്തും 35 മുതൽ 37 ശതമാനം വരെ വോട്ടാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ചില കണക്കുകളിൽ അത് 32 ശതമാനംവരെയാണ്. അതേസമയം, അനുകൂല അന്തരീക്ഷം നിലനിൽക്കുന്നതിനാൽ രണ്ടുമണ്ഡലങ്ങളിലും ഇത് 40 ശതമാനമെത്തിയാലും അത്ഭുതപ്പെടേണ്ട എന്നാണ് ചില നേതാക്കൾ കണക്കുകൂട്ടുന്നത്. എന്നാൽ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായാൽ ഈ സീറ്റുകളിൽ വിജയിക്കാനാവുമോ എന്ന ആശങ്കയും ഇല്ലാതില്ല.
പാർട്ടി പ്രതീക്ഷ അർപ്പിച്ചിരുന്ന തൃശൂരിൽ സുരേഷ് ഗോപി നല്ല പ്രകടനം കാഴ്ചവച്ചു. വോട്ട് മൂന്നു ലക്ഷം കടക്കുമെന്നാണ് ചില നേതാക്കളുടെ വിലയിരുത്തൽ. കോട്ടയത്തും അട്ടിമറി പ്രതീക്ഷിച്ചിരുന്നു. എന്നാൽ മാണിയുടെ മരണശേഷം അന്തരീക്ഷം മാറിയെന്നും വിലയിരുത്തുന്നു. ആലപ്പുഴയിലും പാർട്ടി സ്ഥാനാർത്ഥി വൻതോതിൽ വോട്ടുപിടിക്കുമെന്നാണ് കണക്കുകൂട്ടൽ. ആറ്രങ്ങലിൽ ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കാസർകോട്ട് ബി.ജെ.പിയുടെ സ്വാധീനം കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ഒതുങ്ങിയതിനാൽ വിജയസാദ്ധ്യതയിൽ ആശങ്കയുണ്ടെന്നും നേതാക്കൾ വിലയിരുത്തുന്നു.