road

കാരേറ്റ്: കോടികൾ മുടക്കി നിർമ്മിച്ച റോഡിലൂടെ പോകുന്നവർക്ക് വാട്ടർ തീം പാർക്കിലെത്തിയ അനുഭവമാണ് കിട്ടുന്നത്. ഉയർന്ന് പൊങ്ങിയും, കുലുങ്ങിയും വെള്ളം തെറിപ്പിച്ചുമൊക്കെ പോകുന്ന ഈ യാത്ര പാലോട് - കാരേറ്റ് റോഡിലൂടെ പോകുന്നവർക്ക് ചിരപരിചിതമാണ്. അക്ഷരാർത്ഥത്തിൽ മൂന്നാം മുറയ്ക്ക് സമാനമാണ് ഈ യാത്ര. റോഡിലാകെ കുഴികളാണ്. തവളയെപ്പോലെ ഒരു കുഴിയിൽ നിന്നും മറ്റൊരു കുഴിയിലേയ്ക്ക് ചാടിയാണ് വാഹനങ്ങൾ പോകുന്നത്. പിടിച്ചിരുന്നില്ലെങ്കിൽ സീറ്റിൽ നിന്നും ഒരു മുഴം പൊങ്ങി വീണ്ടും അതേ സ്ഥാനത്ത് വന്ന് ഇടിച്ചിരിക്കും. സീറ്റിന്റെ മുന്നിലും പിന്നിലുമുള്ള കമ്പികളിൽ തലയിടിച്ചും, ബസിനുള്ളിൽ തെറിച്ച് വീണുമുള്ള അപകടങ്ങളും പതിവ്. പൊടി ശല്യമായിരുന്നു മറ്റൊരു ഭീഷണി.പൊടി ശല്യം കാരണം റോഡിലേയ്ക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. കടകൾ തുറക്കാനാകാതെ വ്യാപാരികളും കുഴങ്ങി. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ പൊടി ഒന്ന് അടങ്ങിയെങ്കിലും റോഡാകെ വെള്ളക്കെട്ടായി. കോടികൾ മുടക്കി രണ്ടാം ഘട്ട നിർമ്മാണം നടത്തിയ റോഡിനാണ് ഈ ഗതി. കാരേറ്റ് മുതൽ കല്ലറ ജംഗഷൻ വരേയും, ഭരതന്നൂർ മാടൻ നട ജംഗഷൻ മുതൽ പാലോട് വരെയുമാണ് രണ്ടാം ഘട്ട നിർമ്മാണത്തിലുള്ളത് . ആദ്യഘട്ടമായ കല്ലറ ശരവണ ജങ്ഷൻ മുതൽ ഭരതന്നൂർ ആലവളവുവരെയുള്ള ഭാഗം പണി പൂർത്തിയാക്കി. എന്നാൽ കാത്തിരിപ്പുകേന്ദ്രങ്ങളുടെയും ഓടകളുടെയും പണി പൂർത്തിയാക്കിയിട്ടുമില്ല.

ഓടയുടെ പണിക്കുവേണ്ടി പല സ്ഥാപനങ്ങളുടെയും മുൻവശം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വേനൽ മഴകൂടി പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. റോഡിന്റെ വശങ്ങളിൽ ഓടകൾ നിർമ്മിച്ചിട്ടുണ്ട്. ഓടയുടെ നിരപ്പിൽ നിന്നും താഴെയാണ് പണിപൂർത്തിയാകാത്ത റോഡുള്ളത്. മഴപെയ്യുമ്പോൾ വെള്ളം ഒലിച്ച് പോകാനാകാതെ റോഡിൽ നിറയും. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് വെള്ളം ഒലിച്ചറങ്ങുകയാണ്.

കാരേറ്റ് പാലോട് റോഡിൽ ഭരതന്നൂർ ജംഗ്ഷന്റെ കാര്യം ദയനീയമാണ്.സ്കൂൾ ജംഗ്ഷൻ മുതൽ പഴയ ടാർ കുത്തിപ്പൊളിച്ചിട്ടതും റോഡ് നിർമാണത്തിനുള്ള സാധനങ്ങൾ റോഡരികിലിട്ടതും നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കി. കുഴികളിൽ വീണ്‌ നിരവധി അപകടങ്ങളാണുണ്ടായത്. ഭാരം കയറ്റിയ വാഹനങ്ങൾ മറിയുന്ന സ്ഥിതിവരെയായി. റോഡുപണി ഇഴഞ്ഞുനീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളും നാട്ടുകാരും വകുപ്പുമന്ത്രിക്കും ഉന്നതാധികാരികൾക്ക് പരാതി നൽകിയതിനുശേഷവും സ്ഥിതി പഴയതു തന്നെ.

വല്ലാത്തൊരു പൊല്ലാപ്പിത്

 റോഡിലാകെ കുണ്ടും കുഴിയും

 അശാസ്ത്രീയമായ ടാറിംഗ്

 റോഡിന് മുകളിലായ ഓടകൾ

റോഡിനിരുവശത്തും കുഴികൾ

വേനലിൽ പൊടിയും മഴയത്ത് വെള്ളക്കെട്ടും

പാലോട് - കാരേറ്റ് റോഡിനായി മുടക്കിയത്....32 കോടി