ലണ്ടൻ: നഗരമദ്ധ്യത്തിൽ വച്ചിരുന്ന വേസ്റ്റ്ബിന്നിൽ തലകുടുങ്ങിയ യുവാവിനെ മണിക്കൂറുകൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഗ്ളാസ്ഗോ നഗരത്തിലായിരുന്നു സംഭവം. യുവാവ് കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ബിന്നിനുള്ളിലേക്ക് ഒളിഞ്ഞുനോക്കുന്നതിനിടെയാണ് തല കുടുങ്ങിയതെന്നാണ് കരുതുന്നത്. ഇറച്ചിവേസ്റ്റുകൾ ഉൾപ്പെടെയുള്ളവയാണ് ബിന്നിലുണ്ടായിരുന്നത്. പെട്ടു എന്ന് മനസിലായതോടെ എങ്ങനയയും തല പുറത്തെടുക്കാനായി യുവാവിന്റെ ശ്രമം. പക്ഷേ, വിജയിച്ചില്ല. ക്ലീനിംഗ് വിഭാഗത്തിലെ ജോലിക്കാരനാണെന്നുകരുതി വഴിപോക്കർ ആദ്യമൊന്നും യുവാവിനെ ശ്രദ്ധിച്ചില്ല. ഏറെ സമയം കഴിഞ്ഞിട്ടും ബിന്നിന്റെ സമീപത്തുനിന്ന് യുവാവ് മാറാതായതോടെയാണ് സംശയം തോന്നിയത്. ചിലർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതാേടെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെടുത്തത്. പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിനും മോഷണ ശ്രമത്തിനും യുവാവിനെതിരെ കേസെടുക്കുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.