uyare

അതിരുകളില്ലാത്ത ആകാശത്തെ ആസ്‌പദമാക്കി വീണ്ടുമൊരു മലയാള സിനിമ കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. മുൻകാലങ്ങളിൽ ഇറങ്ങിയ സിനിമകൾ പറഞ്ഞതു പോലെ വിമാനം ഉണ്ടാക്കി അത് പറത്തുന്നതല്ല നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത 'ഉയരെ' എന്ന സിനിമയുടെ പ്രമേയം. മറിച്ച് പൈലറ്റാൻ കൊതിച്ച പെൺകുട്ടിയുടെ ചിറകുകൾ പൊസസീവ് ആയ ഒരു കാമുകൻ തന്നെ അരിഞ്ഞിടുന്നതും അതിനെ അതിജീവിക്കാൻ വേണ്ടി അവൾ പോരാടുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

uyare6

ഉയരങ്ങളിലേക്കൊരു ടേക്ക് ഓഫ്
ആദ്യന്തം ഒരു വിമാനയാത്രയാണ് ഈ സിനിമ. ആസിഡ് ആക്രമണം അതിജീവിച്ച പല്ലവി രവീന്ദ്രൻ എന്ന യുവതിയുടെ ജീവിതം റൺവേയിൽ നിന്ന് ഓടിത്തുടങ്ങി പിന്നീട് വേഗം കൈവരിച്ച് ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പറക്കാനൊരുങ്ങുന്നിടത്താണ് ആദ്യ പകുതി. 14 വയസ് മുതൽ പല്ലവിക്കറിയാവുന്ന,​ തന്റെ ഇഷ്ടങ്ങൾക്കൊപ്പം നിന്ന കാമുകൻ ഗോവിന്ദ് തന്നെ ജീവിതത്തിൽ വില്ലനാകുന്നിടത്ത് മറ്റൊരു ട്വിസ്റ്റ്. അതിജീവനത്തിന്റെ രണ്ടാം പകുതിയിൽ പലപ്പോഴും ഈ 'യാത്രാവിമാനം' ആകാശച്ചുഴിയിൽ പെടുന്നുണ്ട്. എന്നാൽ പാർവതി എന്ന പെൺ പൈലറ്റിന്റെ കരുത്തിൽ ആ ആകാശച്ചുഴിയിൽ നിന്ന് കഥയുടെ വിമാനം വീണ്ടും ഉയരങ്ങളിലേക്ക് പറക്കുന്നു.

uyare1

ഇരകളല്ല,​ അതിജീവിച്ചവരാണ്
പതിവ് കാമുകീ - കാമുക പ്രണയത്തെ അധികമാശ്രയിക്കാതെ സാമൂഹ്യവും കാലിക പ്രാധാന്യവുമുള്ള വലിയൊരു വിപത്തിലേക്ക് കൂടി സംവിധായകൻ ഈ സിനിമയിലൂടെ വിരൽ ചൂണ്ടുന്നു. പ്രണയം നിരസിക്കുന്നവരെ പെട്രോളൊഴിച്ച് കത്തിക്കുന്ന ഇക്കാലത്ത് പൊള്ളുന്ന അനുഭവ തീച്ചൂളുകളിലേക്കും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോകുന്നു. പല കാരണങ്ങൾ കൊണ്ട് ആസിഡ് ആക്രമണത്തിന് ഇരയായി മുഖമില്ലാതെ ജീവിക്കുന്നവരുടെ കൂടി പ്രതീകമാണ് താനെന്ന് ഈ ചിത്രത്തിലൂടെ പല്ലവി വിളിച്ചു പറയുന്നുണ്ട്. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്ത് നിന്ന് ഒന്നും അവസാനിച്ചിട്ടില്ലെന്ന് സമൂഹത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ആ ഇരകളിൽ ഒരാളാവുകയാണ് പല്ലവിയും.

uyare3

സേഫ് ലാൻഡിംഗ്
പല്ലവിയുടെ ജീവിതത്തിൽ നിന്ന് ഓടിത്തുടങ്ങി പറന്നുയർന്ന കഥയിൽ ഒരുപക്ഷേ,​ പ്രേക്ഷകർ ഒരു ക്രാഷ് ലാൻഡിംഗ് (ഇടിച്ചിറക്കൽ)​ പ്രതീക്ഷിക്കുന്നടിത്ത് വച്ച് അതൊരു സേഫ് ലാൻഡിംഗ് ആക്കി മാറ്റുകയാണ് ഹിറ്റ് തിരക്കഥാ കൃത്തുക്കളായ ബോബി - സഞ്ജയ് ടീം. സ്വാഭാവ കേന്ദ്രീകൃത കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തിൽ ഇരുവരും പുലർത്തുന്ന മികവ് ഇവിടെയും പ്രേക്ഷകർക്ക് അനുഭവിച്ചറിയാം. പക്ഷേ,​ പൈലറ്റാകാൻ കൊതിച്ച ധൈര്യവതിയായ പെൺകുട്ടി,​ കാമുകന്റെ ദേഷ്യത്തിനു മുന്നിൽ വിറച്ചു കൊണ്ട് പൊട്ടിക്കരയുകയും ചെയ്യുന്ന തരത്തിൽ അവതരിപ്പിച്ചത് പല്ലവിയെന്ന കഥാപാത്രത്തോടുള്ള നീതികേടായിപ്പോയെന്ന് പറയാതെ വയ്യ.

uyare4

ഉയരങ്ങളിൽ പാർവതി
സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ വേഷങ്ങൾ എപ്പോഴും മികച്ചതാക്കാറുള്ള പാർവതി ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. കഥാപാത്രമായി ആഴത്തിലും തീവ്രവമായും മാറുന്ന പാർവതിയുടെ അഭിനയം പ്രേക്ഷകരുടെ നെഞ്ചിൽ പൊള്ളലിന്റെ കനലുകൾ നീറ്റും. ആസിഡ് ആക്രമണം മൂലം മുഖത്തിന്റെ ഇടതുവശം നഷ്ടപ്പെട്ട പാർവതിയുടെ രൂപം പ്രേക്ഷകരെ വേട്ടയാടിക്കൊണ്ടിരിക്കും. പാർവതിയുടെ ശരീരഭാഷ പോലും ഇരയിൽ നിന്ന് അതിജീവനത്തിലേക്കുള്ള പാതയിലാണ് താനെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. പാർവതിയുടെ സുഹൃത്തിന്റെ വേഷത്തിൽ എത്തുന്ന അനാർക്കലി മരക്കാറും നടിക്ക് മികച്ച പിന്തുണ നൽകുന്നു.

uyare1

പൊസസീവായ കാമുകന്റെ വേഷം ആസിഫ് അലിയുടെ കൈയിൽ ഭദ്രമാണ്. അതേസമയം,​ വിമാന കമ്പനി ഉടമയായ അച്ഛന്റെ ചിറകിനടിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട തികച്ചും ആശയക്കുഴപ്പമുള്ള ജീവിതം നയിക്കുന്ന വിശാൽ രാജശേഖരൻ എന്ന മകനെ അവതരിപ്പിച്ച ടൊവിനോ തോമസ് പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. എല്ലാവരും എഴുതിത്തള്ളുന്നിടത്ത് സധൈര്യം അയാളെടുക്കുന്ന തീരുമാനങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. സിദ്ധിഖ്,​സംയ്കുത മേനോൻ,​ പ്രേംപ്രകാശ്,​ പ്രതാപ് പോത്തൻ,​ ഭഗത് മാനുവൽ,​ ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം പൂർണമായും സിനിമയ്ക്ക് ഇണങ്ങുന്നതായി. റഫീഖ് അഹമ്മദ്,​ ഹരിനാരായണൻ എന്നിവരുടെ ഗാനങ്ങളും വേറിട്ടു നിൽക്കുന്നു. 125 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം.


വാൽക്കഷണം: പറന്ന് പറന്ന് പറന്ന് ഉയരെ
റേറ്റിംഗ്:: 2.5/5