വെള്ളറട: ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് കരാർ നൽകിയ ചിറത്തലക്കൽ കുളത്തിന്റെ നവീകരണം പാതിവഴിയിലാണ്. 38 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ വകയിരുത്തി നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി രണ്ട് മാസം കഴിഞ്ഞതോടെ തുടർന്നുള്ള പ്രവർത്തനങ്ങൾ നിലച്ചു. അതിൽ തന്നെ ഒരു മാസത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പോലും നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. എന്നാൽ കരാറുകാരന് ഇതിനകം തന്നെ പാർട്ട് ബില്ലുകളും ഗ്രാമപഞ്ചായത്ത് നൽകിക്കഴിഞ്ഞു. എന്നാൽ കൂടുതൽ തുക ലഭിക്കാത്തതാണ് നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകാത്തതെന്നും പരാതിയുണ്ട്. ഗ്രാമപഞ്ചായത്ത് കുളം നവീകരണത്തിന് അനുവദിച്ച ഫണ്ട് കൊണ്ട് നിർമ്മാണം പൂർത്തിയായില്ലെങ്കിൽ കൂടുതൽ തുക അനുവദിച്ച് നവീകരിച്ച് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഫെഡൽ ബോട്ട് സംവിധാനം ഏർപ്പെടുത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരർ നൽകിയത്. എന്നാൽ കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ വല്ലപ്പോഴുമാണ് നടത്തുന്നത്. ശക്തമായ മഴവന്നാൽ ഒരു നിർമ്മാണ പ്രവർത്തനവും നടത്താൻ കവിയാത്ത അവസ്ഥയാണ്. അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കരാറുകാരൻ തയാറായില്ലെങ്കിൽ മഴയിൽ കുളവും പരിസരവും ചെളികളമായി മാറുമെന്നും പഞ്ചായത്തിന്റെ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിൽ കാലതാമസം വരുമെന്ന കാര്യത്തിലും സംശയം വേണ്ട.
കുളത്തിൽ നിന്നും കോരിമാറ്റിയ ചെളിയാകട്ടെ കുളത്തിന്റെ ഇരുവശവുമുള്ള റോഡ് സൈഡിലാണ് നിക്ഷേപിച്ചിരിക്കുന്നത്. വേനൽ മഴ ശക്തമായ സാഹചര്യത്തിൽ ഈ ചെളി റോഡ് മുഴുവൻ നിരന്നു. ഇപ്പോൾ റോഡ് മുഴുവൻ ചെളിക്കളമാണ്. ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരും പാടുപെട്ടാണ് യാത്ര ചെയ്യുന്നത്.
ഏകദേശം രണ്ട് ഏക്കറോളം വരുന്ന കുളത്തിലെ അകത്തെ ചെളി കോരിമാറ്റി സൈഡ്ഭിത്തി കരിങ്കല്ലിൽ കെട്ടാനാണ് കരാർ നൽകിയത്. അകത്തെ ചെളി മുഴുവൻ മാറ്രാതെ കരാറുകാർ സൈഡ് ഭിത്തി കെട്ടാൻ തുടങ്ങി. ഇത് വ്യാപക പരാതിക്കും പ്രതിഷ്ധത്തിനും കാരണമായി. എന്നാൽ അടിയിലോട്ട് ചെളികോരിമാറ്റിയാൽ കുളം പൂർണമായും ചതിപ്പായി മാറുമെന്നാണ് ഉദ്യാഗസ്ഥർ നൽകുന്ന വിശദീകരണം.