anganvadi

ആര്യനാട്: ഇത് ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരിയിലെ അങ്കണവാടി കെട്ടിടം. ഈ അംഗൻവാടിയ്ക്ക് ചുറ്റുമതിലില്ല. ആദിവാസികളും പട്ടികജാതിക്കാരും കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. ചുറ്റുമതിൽ ഇല്ലാത്തത് കാരണം രക്ഷിതാക്കളും ഭീതിയിലാണ്. നാല് സെന്റ് വസ്തുവിലാണ് ഈ അംഗണവാടി കെട്ടിടം സ്ഥിതിചെയ്യുന്നത്. റോഡിൽ നിന്നും നാല് മീറ്ററോളം ഉയരത്തിലാണ് കെട്ടിടം. ഇവിടെ നിന്നും കാലുതെന്നിയാൽ കുട്ടികൾ വന്നുവീഴുന്നത് കുഴികളിലേക്കാണ്. അംഗൻവാടിയുടെ വശങ്ങളിലായി വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസും കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറും മുൻവശത്തായി എപ്പോഴും യാത്രക്കാരുള്ള പ്രധാനറോഡുമാണ്. കണ്ണുതെറ്റിയാൽ റോഡിലേക്കും മറ്റും കുട്ടികൾ ഇറങ്ങുമെന്ന ഭീഷണിയുള്ളതിനാൽ ഇവിടുത്തെ ടീച്ചറും ആയയും എപ്പോഴും ശ്രദ്ധയോടെയാണ് പ്രവർത്തനം. ഇവിടെയെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ കൂടുതലും കൂലിപ്പണിക്ക് പോകുന്നവരാണ്. ജോലി കഴിഞ്ഞ് വരുന്നതുവരെ കുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കാനുള്ള സ്ഥലമായാണ് ഈ രക്ഷിതാക്കൾ കരുതുന്നത്. എന്നാൽ അംഗൻവാടിയുടെ ഇത്തരം സാഹചര്യം കാരണം ജോലി കഴിഞ്ഞ വരുന്നതുവരെ പേടിയാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അങ്കണവാടിക്കായി ചുറ്റുമതിൽ നിർമ്മിച്ച് നൽകുന്നതിന് അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളുടെ ആവശ്യം.

2007ലാണ് അംഗൻവാടി കെട്ടിടം പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. തുടർന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും അംഗൻവാടിയുടെ ചുറ്റുമതിൽ എന്നത് ഇതുവരെ യാഥാർത്ഥ്യമായില്ല. 18 കുട്ടികളാണ് അങ്കൻവാടിയിൽ പഠിക്കാനെത്തുന്നത്. ചുറ്റും അപകട ഭീഷണിയാണ് ഇവിടെയെത്തുന്ന കുട്ടികൾക്ക്. ഇവിടത്തെ ആയയും ടീച്ചറും കണ്ണുതെറ്റാതെ കുട്ടികളുടെ പുറകേ ഉണ്ടാകണം. അല്ലെങ്കിൽ നാലു ചുറ്റിൽ നിന്നും കുട്ടികൾക്ക് അപകടം ഉണ്ടാകാം.

ഇവിടെയെത്തുന്ന കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുറ്റുമതിലിനായി നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. മാത്രവുമല്ല അങ്കണവാടിയുടെ മുൻഭാഗം തെരുവ് നായ്ക്കളുടെ സങ്കേതമാണ്. എപ്പോൾ വേണമെങ്കിലും ആഹാരാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവ്നായ്ക്കൾ കുട്ടികളെ ആക്രമിക്കുമോ എന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്.