vs-achuthanandan

തിരുവനന്തപുരം: ആഗോള മൂലധന ശക്തികളുടെ താല്പര്യത്തിനനുസരിച്ചേ ഇന്ത്യയിലെ കർഷകർ കാർഷികവൃത്തിയിൽ ഏർപ്പെടാവൂ എന്ന ഭരണകൂട ന്യായവിധി ഇന്ത്യയിലെ കർഷകർക്ക് സ്വീകാര്യമല്ലെന്ന് വിഎസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

പെപ്‌സിയുടെ ബ്രാൻഡ് ഉല്പന്നമായ ലെയ്‌സ് നിർമ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്റെ പേരിൽ രാജസ്ഥാനിലെ കർഷകരോട് പെപ്‌സി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉല്പാദിപ്പിച്ച ഉരുളക്കിഴങ്ങും അത് കൃഷി ചെയ്ത ഭൂമിയും വിറ്റാലും ഒടുക്കാനാവാത്ത നഷ്ടപരിഹാരമാണ് പെപ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ കാർഷിക മേഖലയുടെ തകർച്ച വന്ന വഴിയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്. കാർഷിക ഉല്പാദനവും സംഭരണവും വിതരണവുമൊന്നും ഭരണകൂടത്തിന്റെ പരിഗണനാ വിഷയമേയല്ല. ധനമൂലധനത്തിന് പരവതാനി വിരിച്ച്, തൊഴിലാളി കർഷകാദി ജനവിഭാഗങ്ങളെ ഉല്പാദന മേഖലയിൽനിന്ന് ആട്ടിപ്പായിക്കുകയും അടിമകളാക്കി കോർപ്പറേറ്റുകൾക്ക് വിൽക്കുകയും ചെയ്യുന്ന ഈ രാജ്യദ്രോഹത്തിനെതിരെയുമായിരുന്നു ദില്ലിയിലേക്ക് നടന്ന കർഷക മാർച്ച്. ആഗോള മൂലധന ശക്തികൾ ഇന്ത്യയിൽ സാമ്പത്തിക വിപ്ലവം കൊണ്ടുവരും എന്ന് വ്യാമോഹിപ്പിച്ച് ഇന്ത്യയുടെ ഉല്പാദന വ്യവസ്ഥയെ തകർത്തെറിയുന്നതിന്റെ ദുരന്ത ഫലമാണ് നീതിന്യായ സംവിധാനങ്ങൾ തന്നെ ഉപയോഗപ്പെടുത്തിയുള്ള പെപ്‌സിയുടെ അധിനിവേശം.

ആഗോള ഭീമൻമാരായ കമ്പനികൾ ഇന്ത്യയിൽ വന്ന് അടിസ്ഥാന ഉല്പാദകരെ കൃഷിഭൂമിയിൽനിന്ന് ആട്ടിയകറ്റി വൻ ഭൂശേഖരം സ്വന്തമാക്കി അവിടെ കുത്തക കാർഷിക വ്യവസ്ഥ സംസ്ഥാപിക്കുകയോ ഖനികൾ കുഴിക്കുകയോ ചെയ്യുകയാണ്. ഭരണകൂടം കുത്തകകളുടെ പക്ഷത്ത് നിലയുറപ്പിച്ച് ഭൂമിയുടേയും ഉല്പാദന വ്യവസ്ഥയുടേയും ഉടമകളെ അടിമകളാക്കി മാറ്റുന്നു.

ഇന്ത്യൻ കർഷകരെ കോർപ്പറേറ്റുകളുടെ ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ച് കാർഷികവൃത്തിയിൽനിന്ന് ആട്ടിയകറ്റുന്നത് ക്രിമിനൽ ഭരണകൂടത്തിന്റെ ലക്ഷണമാണ്.

ഇന്ത്യയിലെ ഭൂരഹിതരും ആദിവാസികളും കർഷക ജനസാമാന്യവും അതിശക്തമായി പ്രതികരിക്കേണ്ട സാഹചര്യമാണ് ഉരുണ്ടുകൂടുന്നത്. ആഗോള മൂലധന ശക്തികളുടെയും ഭൂമികൈയേറ്റക്കാരുടേയും അടിമകളാവാനല്ല ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന മിനിമം ധാരണയെങ്കിലും ഭരണവർഗത്തിന് നൽകാൻ ഇന്ത്യയിലെ കർഷകർ മുന്നോട്ടു വരേണ്ട സാഹചര്യമാണെന്നും വി.എസ് പറഞ്ഞു.