തിരുവനന്തപുരം: അയ്യപ്പ ഭക്തിഗാനങ്ങൾ ഗിത്താറിൽ ആലപിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥനായ സത്താർ അയ്യപ്പനെ പൂജിക്കുന്ന വാവരാകും. ജാതിക്കും മതത്തിനുമെല്ലാം അപ്പുറമാണ് ഓച്ചിറ സത്താറിന് സംഗീതം. ''അയ്യപ്പ ഗാനാലാപനം എനിക്ക് ആത്മനിവേദ്യമാണ്." സത്താർ പറയുന്നു. അത്രയേറെ ഭക്തി സാന്ദ്രവുമാണ്
സത്താറിന്റെ ഗിത്താർ ആലാപനം. മണ്ഡല - മകരവിളക്കു കാലത്ത് ഈ ഗാനങ്ങൾ അയ്യപ്പഭക്തർക്ക് പ്രിയങ്കരമാണ്. പള്ളിക്കെട്ട് ശബരിമലയ്‌ക്ക്...,ശബരിമലയിൽ തങ്കസൂര്യോദയം..., തേടി വരും കണ്ണുകളിൽ..., മണ്ണിലും വിണ്ണിലും...തുടങ്ങിയ അനശ്വര ഭക്തിഗാനങ്ങൾ സത്താർ തന്റെ ഗിത്താറിലും ഭാവസാന്ദ്രമായി പാടിയിട്ടുണ്ട്.
സത്യൻ അന്തിക്കാടിന്റെ 'സന്മനസുള്ളവർക്ക് സമാധാനം' എന്ന സിനിമയിൽ 'ഈ കാക്കിക്കുപ്പായത്തിനുള്ളിൽ ഒരു കവിഹൃദയമുണ്ട്, കലാകാരനുണ്ട്, ഗായകനുണ്ട് '...എന്ന് ശ്രീനിവാസന്റെ ഇൻസ്പെക്ടർ കഥാപാത്രം പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു. പക്ഷേ, സത്താറിന്റെ കല ആ ഡയലോഗിലെ തമാശയല്ല. കാക്കിയണിഞ്ഞ ഔദ്യോഗിക ജീവിതത്തിന്റെ ഓരം ചേർന്ന് സത്താറിന് സംഗീതത്തിന്റെ ഒരു വഴിയുണ്ട്. ഗിത്താർ തന്ത്രികളിൽ വിടരുന്ന സംഗീതത്തിന്റെ ഒരു വസന്തവീഥി.
തിരുവനന്തപുരം എ.ആർ ക്യാമ്പിൽ ഗ്രേഡ് എസ്.ഐ ആയ സത്താർ കേരളത്തിലെ അറിയപ്പെടുന്ന ഗിത്താറിസ്റ്റാണ്. ഗിത്താർ സോളോ ആണ് മാസ്റ്റർപീസ്. അതിൽ തന്നെ അയ്യപ്പ ഭക്തിഗാനങ്ങൾ സൂപ്പർ ഹിറ്റാണ്.
1998ൽ ചലച്ചിത്രഗാനരചയിതാവ് എം.ഡി. രാജേന്ദ്രനുമായി ചേർന്ന് ഇറക്കിയ 'സ്വാമിഗാനം ' എന്ന ആൽബം ശ്രദ്ധനേടിയിരുന്നു. എം.ഡി. രാജേന്ദ്രനും നടൻ അശോകനുമായിരുന്നു ഗായകർ.
ഓച്ചിറ സത്താർ
കായംകുളം കൃഷ്ണപുരം ഇടയിലവീട്ടിൽ അബ്ദുൾ സത്താർ ഖാൻ പ്രസിദ്ധനായത് ഓച്ചിറ സത്താർ എന്ന പേരിൽ. കായംകുളം പീപ്പിൾസ് തിയേറ്റർ, വയലാർ നാടകവേദി, ക്വയിലോൺ ഡാൻസ് അക്കാഡമി തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചു.1984 ൽ കേരള പൊലീസ് ഓർക്കസ്ട്രയിൽ ഗിത്താറിസ്റ്റായി. പിന്നീട് പൊലീസ് ഓർക്കസ്ട്ര നിറുത്തിയെങ്കിലും കെ.എ.പി ബാൻഡിൽ ബ്യൂഗിൾ വായന തുടർന്നു. ആയിരക്കണക്കിന് വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കെ.പി.എ.സിയിൽ ഗിത്താർ അദ്ധ്യാപകനുമായിരുന്നു. അമിതയാണ് ഭാര്യ. അമീനും അമീർഖാനും മക്കൾ.
അഭിനയവും
കെ.പി.എ.സിയുടെ പ്രസിദ്ധ നാടകഗാനങ്ങളുടെ 'നൊട്ടേഷൻ' (സ്വരസ്ഥാനങ്ങൾ) പുസ്‌തകവും ഉപകരണ സംഗീത വിദ്യാർത്ഥികൾക്കായി മലയാളം, തമിഴ്, ഹിന്ദി സിനിമ ഗാനങ്ങളുടെ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില സിനിമകളിൽ പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. വലിയൊരു ശിഷ്യ സമ്പത്തുണ്ട്. സർക്കാരും പൊലീസ് വകുപ്പും സത്താറിനെ ആദരിച്ചിട്ടുണ്ട്. എയ്ഡ്സ് രോഗത്തെക്കുറിച്ച് സത്താർ നിർമ്മിച്ച് നൂറനാട് രാമചന്ദ്രൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി 1994ൽ മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററിക്കുള്ള ദേശീയ അവാർഡ് നേടിയിരുന്നു.