തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി (മെഡിക്കൽ ഇൻഷ്വറൻസ് സ്‌കീം ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് - മെഡിസെപ്) ജൂൺ ഒന്നിന് നിലവിൽ വരും.
ടെൻഡറുകൾ പരിശോധിച്ചശേഷം ധനവകുപ്പ് ശുപാർശ ചെയ്‌ത റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയെ പദ്ധതി ഏല്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കുറഞ്ഞ വാർഷിക പ്രീമിയമായി അവർ ആവശ്യപ്പെട്ടത് ജി.എസ്.ടി അടക്കം 2992.48 രൂപയാണ്. മൂന്ന് വർഷമാണ് പദ്ധതിയുടെ കാലാവധി.
ടെൻഡറിൽ പങ്കെടുത്ത മറ്റ് കമ്പനികളായ ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് 9438.82 രൂപയും ന്യൂ ഇന്ത്യ അഷ്വറൻസ് 17700 രൂപയും ഓറിയന്റൽ ഇൻഷ്വറൻസ് 6772 രൂപയും നാഷണൽ ഇൻഷ്വറൻസ് 7298.30 രൂപയുമാണ് വാർഷികപ്രീമിയം ആവശ്യപ്പെട്ടത്.
ഒരു കുടുംബത്തിന് വർഷം രണ്ട് ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ലഭ്യമാകും. അവയവമാറ്റം ഉൾപ്പെടെ ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്ക് മൂന്ന് വർഷത്തേക്ക് ഒരു കുടുംബത്തിന് പരമാവധി ആറ് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഗുരുതര രോഗങ്ങളുടെ ചികിത്സാച്ചെലവിന് തികയുന്നില്ലെങ്കിൽ ഇതിന് പുറമേ പോളിസി കാലയളവിൽ ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപ കൂടി ലഭിക്കും. ഇതിനായി ഇൻഷ്വറൻസ് കമ്പനി വർഷം 25 കോടി രൂപയുടെ സഞ്ചിതനിധി രൂപീകരിക്കും.
മെഡിസെപ് ഗുണഭോക്താക്കൾ:
കേരള ഗവ. മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾ ബാധകമായ ഹൈക്കോടതിയിലേതുൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേതടക്കമുള്ള അദ്ധ്യാപകർ, അനദ്ധ്യാപകർ, പാർട്ട്ടൈം അദ്ധ്യാപകർ, തദ്ദേശസ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ജീവനക്കാർ, പേഴ്സണൽ സ്റ്റാഫ്, ഈ വിഭാഗങ്ങളിലെ പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ആശ്രിതരും