അതീവജാഗ്രതയോടെ കണ്ണുതുറന്നിരിക്കേണ്ട സമയമാണ്, പശ്ചിമേഷ്യയിലെപ്പോലെ ചോരപ്പുഴ ഒഴുകുന്നത് 380 കിലോമീറ്റർ മാത്രം അകലെയുള്ള ശ്രീലങ്കയിലാണ്. നമ്മുടെ അയൽപക്കത്ത്. ചാവേർ സ്ഫോടന പരമ്പരകൾ നടത്തിയത് കേരളത്തിലും തമിഴ്നാട്ടിലും വേരുകളുള്ള നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. ഐസിസ് ബന്ധമുള്ള സംഘടന രണ്ടുവർഷമായി പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തമേറ്റ് സംഘടന പുറത്തുവിട്ട വീഡിയോ അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളത്തിലും തമിഴിലും മാത്രം. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ സംഘടനയ്ക്ക് സ്വാധീനമുണ്ടെന്നു കൂടി കണ്ടെത്തിയതോടെ പൊലീസും കേന്ദ്രഏജൻസികളും ജാഗ്രതയിലാണ്.
പശ്ചിമേഷ്യൻ തീവ്രവാദി സംഘടനയായ ഐസിസിന് കേരളത്തിൽ വേരുകളുണ്ടെന്നത് രഹസ്യമല്ല. ദുരൂഹസാഹചര്യത്തിൽ കേരളത്തിൽ നിന്ന് കാണാതായ 21പേർ ഐസിസിൽ ചേർന്നെന്നും ഇതിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും അന്വേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലും ഇറാഖിലും തിരിച്ചടി നേരിട്ടതോടെ മറ്റിടങ്ങളിൽ പലപേരുകളിൽ പ്രവർത്തനം വിലുപമാക്കിയിരിക്കുകയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും യുവാക്കളെ ഉത്തേജിപ്പിക്കാനാണ് മലയാളം, തമിഴ് വീഡിയോകളെന്നാണ് കേന്ദ്രഏജൻസികൾ പറയുന്നത്. ശ്രീലങ്കൻ കൂട്ടക്കുരുതിയുടെ മുഖ്യആസൂത്രകൻ സഹ്രാൻ ഹാഷിമിന്റെ കേരള ബന്ധം നേരത്തേ എൻ.ഐ.എ കണ്ടെത്തിയതാണ്. ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ കോഴിക്കോട്ടുകാരൻ അബ്ദുൾ റഷീദ് അബ്ദുള്ള, പാലക്കാട്ടുകാരൻ ബെസ്റ്റിൻ വിൻസെന്റ്, കാസർകോട്ടുകാരൻ അഷ്ഫാഖ് മജീദ് എന്നിവർ 2016ൽ ശ്രീലങ്കയിൽ പോയതായും ഹാഷിമിനെ കണ്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിറിയയിലേക്ക് കടത്തിയ സ്ത്രീകളടക്കം നിരവധി പേരെ അതിനുമുൻപ് ശ്രീലങ്കയിൽ എത്തിച്ചിരുന്നു.
കോയമ്പത്തൂർ ഐസിസ് കേസിലെ പ്രതികളിൽ നിന്ന് ലങ്കയിൽ ചാവേർ സ്ഫോടനമുണ്ടാകുമെന്ന വിവരം എൻ.ഐ.എക്ക് ലഭിച്ചിരുന്നു. നാഷണൽ തൗഹീദ് ജമാഅത്ത് നേതാവ് ഹാഷിമിന്റെയും കൂട്ടാളികളുടെയും വിവരങ്ങൾ സഹിതം മൂന്നുവട്ടം എൻ.ഐ.എ ലങ്കയ്ക്ക് മുന്നറിയിപ്പ് നൽകി. സംഘടനയുടെ ഒളിത്താവളങ്ങൾ, ഫോൺ നമ്പരുകൾ, പശ്ചാലത്തലം എന്നീ വിവരങ്ങളടങ്ങിയ മുന്നറിയിപ്പ് ലങ്കൻ ഏജൻസികൾ അവഗണിച്ചു. ക്രൈസ്തവ ദേവാലയങ്ങളാണ് ലക്ഷ്യമെന്ന് കൃത്യമായി കണ്ടെത്തി ലങ്കയെ അറിയിക്കാൻ എൻ.ഐ.എക്ക് കഴിഞ്ഞത് നമ്മുടെ രഹസ്യാന്വേഷണത്തിന്റെ മികവാണ്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ യുവാക്കളെ സംഘടനയിലേക്ക് ക്ഷണിച്ചുള്ള ഹാഷിമിന്റെ വീഡിയോ സന്ദേശം കോയമ്പത്തൂരിൽ അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. 2016ൽ മധുരയിലും നാമക്കലിലും സംഘടന യോഗം ചേർന്നതായും കണ്ടെത്തിയിട്ടുണ്ട്.
മധുരയിൽ സംഭവിച്ചത്
ഇ-മെയിലിലൂടേയും കത്തിലൂടെയും മുന്നറിയിപ്പ് നൽകി മൂന്ന് സംസ്ഥാനങ്ങളിൽ തുടരെത്തുടരെ അഞ്ച് സ്ഫോടനങ്ങൾ നടത്തിയ ബേസ് മൂവ്മെന്റിന്റെ സംഘം അറസ്റ്റിലായത് 2016നവംബറിലായിരുന്നു. ഔദ്യോഗിക പേര് ഓർഗനൈസേഷൻ ഒഫ് ദ ബേസ് ഒഫ് ജിഹാദി ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ്. കൊല്ലം, മൈസൂർ, ചിറ്റൂർ, നെല്ലൂർ, മലപ്പുറം എന്നിവിടങ്ങളിൽ തീവ്രതകുറഞ്ഞ സ്ഫോടനങ്ങളാണ് സംഘം നടത്തിയത്. അഞ്ച് സ്ഫോടനക്കേസുകൾക്ക് പുറമെ എംബസികളിലേക്കും കർണാടക മുഖ്യമന്ത്രിക്കും ഭീഷണി സന്ദേശമയച്ചതിനും പ്രധാനമന്ത്രിയെ അടക്കം വധിക്കുമെന്ന് ഭീഷണിസന്ദേശമയച്ചതിനും ഇവർക്കെതിരേ കേസെടുത്തിരുന്നു. സ്ഫോടനങ്ങൾ നടത്തുന്നതിന് മുന്നോടിയായി മുന്നറിയിപ്പ് നൽകുന്നത് ബേസ്മൂവ്മെന്റിന്റെ രീതിയാണ്. 2015ജനുവരി മുതൽ സജീവമാണ്. അന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഡി.ചീഫ്സെക്രട്ടറിക്ക് കത്തെഴുതിയ ശേഷമാണ് ഇന്ത്യൻ ഉപഭൂഖണ്ത്തിൽ ജിഹാദ് നടത്താൻ ലക്ഷ്യമിട്ട് ബേസ്മൂവ്മെന്റ് പ്രവർത്തനം തുടങ്ങിയത്. ബിൻലാദന്റെ ചിത്രവും അൽഖ്വയിദയുടെ പേരുംസഹിതം കോയമ്പത്തൂരിലെ സിങ്കനല്ലൂരിൽ നിന്നയച്ച കത്തിലെ വിലാസം വ്യാജമായിരുന്നു.
തൊട്ടുപിന്നാലെ ഏപ്രിൽ ഏഴിന് ചിറ്റൂർ ജില്ലാകോടതി വളപ്പിൽ മൂന്നുപേർക്ക് പരിക്കേറ്റ സ്ഫോടനം. ബംഗളുരുവിലെ ഫ്രഞ്ച്കോൺസുലേറ്റ് ആക്രമിക്കുമെന്ന് രണ്ടാമത്തെ മുന്നറിയിപ്പ് കിട്ടി ദിവസങ്ങൾക്കകം ജൂൺ15ന് കൊല്ലം കോടതിവളപ്പിൽ സ്ഫോടനമുണ്ടായി. ആഗസ്റ്റിൽ മൈസൂർ ജില്ലാമജിസ്ട്രേറ്റ് കോടതിപരിസരത്ത് സ്ഫോടനം. മൈസൂർകോടതിവളപ്പിൽ സ്ഫോടനത്തിന് ബോംബെത്തിച്ചത് മലയാളപത്രത്തിൽ പൊതിഞ്ഞായിരുന്നു. ആന്ധ്രപ്രദേശ് ചിറ്റൂരിലെ വാണിജ്യനികുതി ഡെപ്യൂട്ടികമ്മിഷണർക്കായിരുന്നു ഉറുദുവിലെഴുതിയ മൂന്നാമത്തെ കത്ത്. ചെന്നൈയിൽ നിന്നാണിത് പോസ്റ്റുചെയ്തത്. ജില്ലാകോടതിയിൽ സ്ഫോടനം നടത്തുമെന്ന് ഒസാമയുടെ ചിത്രംസഹിതമുള്ള മുന്നറിയിപ്പ്. നെല്ലൂർ കോടതിപരിസരത്ത് ബോംബ് പൊട്ടിച്ചിതറി ഒരാൾക്ക് പരിക്കേറ്റു. പിന്നാലെ കേരളപ്പിറവി ദിനത്തിൽ മലപ്പുറം കളക്ടറേറ്റും സ്ഫോടനത്തിൽ നടുങ്ങി. പ്രധാനമന്ത്രിയെ വധിക്കുമെന്നടക്കം ഭീഷണിയുമായി കത്തും പെൻഡ്രൈവും വച്ച ശേഷമായിരുന്നു മലപ്പുറത്തെ സ്ഫോടനം.
ഐസിസിന് കേരളം എന്തിന് ?
ഐസിസിന് കേരളമടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടെന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തുർക്കിയിലേക്കും സിറിയയിലേക്കും നേരിട്ടുള്ള യാത്ര തടഞ്ഞിട്ടുണ്ട്. മലേഷ്യയിലേക്ക് ടൂറിസ്റ്റ് വിസയിൽ യാത്രചെയ്യുന്നവരെ ഇമിഗ്രേഷൻ വിഭാഗം നിരീക്ഷിക്കും. എൻജിനിയർമാരെയും ഡോക്ടർമാരെയും സാങ്കേതികവിദഗ്ദ്ധരെയുമാണ് കേരളത്തിൽ നിന്ന് ഐസിസിലേക്ക് കടത്തിയത്. കാസർകോട് സ്വദേശി മുഹമ്മദ് മൻസാദ് (26), പടന്ന സ്വദേശി ഹഫീസുദ്ദീൻ (23), പാലക്കാട് യാക്കര സ്വദേശി യഹിയ ( ബാസ്റ്റിൻ-23), കഞ്ചിക്കോട്ടെ ഷിബി, ഷദീര് മംഗലശേരി എന്നിവർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾ ടെലിഗ്രാം എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഐസിസ് പ്രചരിപ്പിച്ചു. കേരളത്തിലെ രക്തസാക്ഷികൾ എന്ന പേരിൽ രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ദൃശ്യസന്ദേശമാണ് പ്രചരിപ്പിച്ചത്. കേരള എക്സ്പോസ്ഡ് എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സിനിമ കണ്ടും പാട്ടുകേട്ടും, അനിസ്ലാമികമായാണ് മലയാളികൾ റംസാൻ ആചരിച്ചതെന്നും കേരളത്തിലെ പുരോഹിതർ യഥാർത്ഥ ഖുർ -ആൻ പഠിപ്പിക്കുന്നില്ലെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ചാണ് മലയാളികളെ ഐസിസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സന്ദേശത്തിലുള്ളത്. തീവ്രവാദത്തിന് ഏറ്റവും വേരോട്ടമുള്ള മണ്ണാണ് കേരളമെന്ന് തിരിച്ചറിഞ്ഞാണ് പ്രവർത്തനം. ഒരുപ്രദേശത്തെ സമാനചിന്താഗതിക്കാരെ ഏകോപിപ്പിക്കാനും വിദേശത്തേക്ക് കൊണ്ടുപോകാനും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആശയവിനിമയം നടത്താനും പലപേരുകളിൽ സംഘടനകളുണ്ട്.
ടെലിഗ്രാം മാറി, വിക്കർ വന്നു
ആശയവിനിമയത്തിന് ഐസിസ് ഉപയോഗിച്ചിരുന്ന ടെലിഗ്രാം ആപ്ലിക്കേഷനിലെ സന്ദേശങ്ങൾ എൻ.ഐ.എ പിടിച്ചെടുത്തു തുടങ്ങിയപ്പോൾ വിക്കർ ആപ്ലിക്കേഷനിലേക്ക് മാറി. ഇതുപയോഗിക്കാൻ ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ വേണ്ട. അതിനാൽ ചോർത്താനും പ്രയാസം. ടെലിഗ്രാം വഴിയുള്ള ആശയവിനിമയം റഷ്യൻ ഹാക്കർമാരാണ് ചോർത്തിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ലൈക്കടിക്കുകയും ചെയ്ത നിരവധി പേർ ഗൾഫ് രാജ്യങ്ങളിലടക്കം അറസ്റ്റിലായിട്ടുണ്ട്.
കേരളത്തിലും ബന്ധം: ഡി.ജി.പി ബെഹ്റ
ലങ്കൻ സ്ഫോടനങ്ങൾ നടത്തിയ സംഘടനയ്ക്ക് തമിഴ്നാട്ടിൽ ശക്തമായ സ്വാധീനമുണ്ട്. കേരളത്തിലും ചില ബന്ധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി ആളുകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നവർക്ക് കേരളത്തിലും സംശയാസ്പദമായ ചില ഇടപാടുകളുമുണ്ട്. ദേശീയസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ എല്ലാം ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ലഭിച്ച വിവരങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണ്. ഐസിസ് ബന്ധത്തെക്കുറിച്ചുള്ള സൂചനകളാണ് ലഭിക്കുന്നത്. കേന്ദ്രഏജൻസികളും പൊലീസും ചേർന്നാണ് അന്വേഷണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, പൊലീസ് എല്ലാ മുൻകരുതലുമെടുത്തിട്ടുണ്ട്. തീരപ്രദേശങ്ങളിലും കടലിലും അതീവജാഗ്രത പുലർത്തുന്നുണ്ട്. കോസ്റ്റൽ പൊലീസിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.