fishermen

തിരുവനന്തപുരം: സംസ്ഥാനത്തെ തീരമേഖലയിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഒരു മാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകൃതിക്ഷോഭത്തെ തുടർന്ന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തുടരുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായിട്ടാകും തീരുമാനം നടപ്പാക്കുക. ഓഖി ദുരന്തത്തിലും കടലാക്രമണത്തിലും വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനായി തിരുവനന്തപുരം ആറ്റിപ്ര വില്ലേജിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ഒന്നരയേക്കർ ഭൂമി ഫിഷറീസ് വകുപ്പിന് നൽകും. ഇവിടെ ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്. റവന്യു വകുപ്പിന്റെ പത്തേക്കർ പുറമ്പോക്ക് ഭൂമിയിൽ നിന്നാണ് ഒന്നരയേക്കർ കൈമാറുക.