police-uniform-srealing-
police uniform srealing

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ പൊലീസ് സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ നിന്ന് എ.എസ്.ഐയുടെ യൂണിഫോം ഒരു 'കള്ളൻ' അടിച്ചു മാറ്റി. കപ്പലിലെ കള്ളനെ രക്ഷിക്കാൻ നിരപരാധിയായ ദളിത് പൊലീസുകാരനെ മോഷണം ആരോപിച്ച് അപമാനിച്ചു. ജനുവരി 24ന് നടന്ന മോഷണവും തുടർസംഭവങ്ങളും ഇപ്പോഴാണ് പുറത്തറിയുന്നത്.

അന്ന് രാത്രി ഡ്യൂട്ടിക്ക് ശേഷം യൂണിഫോം റെസ്റ്റ് റൂമിൽ അഴിച്ച് വച്ച പോയ എ.എസ്.ഐ പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ യൂണിഫോം കാണുന്നില്ല. സർവത്ര തപ്പിയിട്ടും തൊണ്ടിമുതലും ദൃക്സാക്ഷികളുമില്ല. എസ്.ഐക്ക് പരാതി നൽകി. എസ്.ഐ അന്വേഷണം പ്രഖ്യാപിച്ചു. കള്ളനെ കണ്ടെത്തി. കപ്പലിൽ തന്നെ. അതോടെ കേസ് ഒതുക്കാനായി ശ്രമം. അതിനിടെയാണ് നിരപരാധിയായ ദളിത് പൊലീസുകാരനെ മോഷണം ആരോപിച്ച് കളിയാക്കാൻ പൊലീസുകാരിലെ ചില കുബുദ്ധികൾ ശ്രമിച്ചത്. അതോടെ കളി കാര്യമായി.

ദളിത് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മിഷനും പരാതി നൽകി. വിവാദമായതോടെ പ്രത്യേക അന്വേഷണത്തിന് മുകളിൽ നിന്ന് ഇണ്ടാസ് വന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ ഡിവൈ.എസ്.പിക്ക് പട്ടികജാതി കമ്മിഷൻ ഉത്തരവ് നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും തുമ്പൊന്നും കിട്ടിയില്ല. കള്ളന് കപ്പലിൽ സുഖവാസം. ഒടുവിൽ, സ്റ്റേഷനിലെ ഏമാൻ തന്നെ പോംവഴി കണ്ടെത്തി. മേലിൽ മോഷണം ഉണ്ടാകാതിരിക്കാൻ റെസ്റ്റ് റൂമിന് ഡബിൾ പ്രൊട്ടക്‌ഷന് ഉത്തരവിട്ടു. മുറി പൂട്ടി താക്കോൽ, സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ സൂക്ഷിക്കണം. ആവശ്യക്കാർ താക്കോൽ ഉദ്യോഗസ്ഥനിൽ നിന്ന് വാങ്ങണം. അതോടെ, കേസ് 'ക്ളോസ്ഡ്.' പക്ഷേ രണ്ട് ചോദ്യങ്ങൾ ബാക്കി. ഒന്ന്. ആരാണ് കള്ളൻ?. രണ്ട് - ദളിതനായതിനാൽ അപമാനിതനായ പൊലീസുകാരന് നീതി കിട്ടിയോ?.

പട്ടികജാതി കമ്മിഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.

- സുനിൽകുമാർ

ഡിവൈ.എസ്.പി

ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ