തിരുവനന്തപുരം: ബസിലെ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാർ അറസ്റ്റിലായതിനെ തുടർന്ന് ബസിലെ മോശം അനുഭവങ്ങൾ ഓരോന്നായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നു.
ആറുവർഷം മുമ്പ് കല്ലട ബസിൽ യാത്ര ചെയ്യവെ അപമര്യാദയായി പെരുമാറിയ ജീവനക്കാരന് 'കണക്കിന് കൊടുത്ത' സംഭവമാണ് ഹണി ഭാസ്‌കരൻ എന്ന യുവതി ഫേസ്ബുക്കിൽ കുറിച്ചത്.
''നാട്ടിൽ നിന്ന് ജോലി സ്ഥലമായ ബാംഗ്ളൂരിലേക്ക് പോകുന്നതിനായി കല്ലട ബസിലെ രാത്രി യാത്രയ്ക്കിടയിൽ ബാലൻസ് തെറ്റി വീഴാൻ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്. അയാളത് മനപ്പൂർവം ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. ബാങ്കിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിറുത്തിയതും മിത്രങ്ങൾ കാത്തു നിന്നിരുന്നു. എന്റെ ബാഗെടുത്ത് റോഡിലേക്ക് വച്ച് പത്തനംതിട്ടക്കാരൻ സനൽ, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിറുത്തി. 'തല്ലെടീ… ' എന്നൊരു അലർച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. പിന്നവർ എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആയിരുന്നു. പിടിച്ചു മാറ്റാൻ വന്ന ഡ്രൈവർക്കിട്ടും കിട്ടി. ഇപ്പോ കല്ലട ബസിലെ ഗുണ്ടകളെ പൊലീസ് പിടിച്ച വാർത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓർത്ത് വല്ലാത്തൊരു സന്തോഷം…!''.