തിരുവനന്തപുരം: മൂന്നാർ ചിന്നക്കനാലിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. സുരേഷ് കുമാറിന്റെ ദൗത്യസംഘം സർക്കാരിലേക്ക് ഏറ്റെടുത്ത 11.50 ഏക്കർ റവന്യൂ ഭൂമി മുംബെയിലെ റിയൽ എസ്റ്റേറ്റ് കമ്പനി സ്വന്തമാക്കിയത് അന്വേഷിക്കാൻ ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ചുമതലപ്പെടുത്തി.

ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ സമാന ഭൂമി ഇടപാടുകളും സംഘം അന്വേഷിക്കും. ചിന്നക്കനാലിൽ ഏറ്റെടുത്ത 70 ഏക്കറിൽ 11.50 ഏക്കർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അപ്പോത്തിയോസിസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം. ഭൂമിയുടെ പോക്കുവരവിന് കമ്പനി അപേക്ഷിച്ചിരുന്നെങ്കിലും വ്യാജപട്ടയമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പോക്കുവരവ് നൽകിയില്ല. എന്നാൽ, മുൻ ജന്മിക്ക് ഭൂമിയുടെ പട്ടയം നൽകിയിരുന്നതാണെന്നും വിൽക്കാൻ റവന്യൂ ഉദ്യോഗസ്ഥർ അനുവാദം നൽകിയിരുന്നതാണെന്നും സർക്കാർ ഭൂമിയല്ലെന്നും ചൂണ്ടിക്കാട്ടി കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയുടെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് ചെയ്യാൻ കോടതി ഉത്തരവിട്ടു. അതിനെതിരായ സർക്കാരിന്റെ അപ്പീൽ കോടതി തള്ളി. 2007ലാണ് ഭൂമി കൈമാറ്റം നടന്നത്. അന്നത്തെ ഉടുമ്പൻചോല തഹസീൽദാറുടെ സഹായത്തോടെയായിരുന്നു കൈമാറ്റമെന്ന് ലാൻഡ് റവന്യൂകമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭൂമിയുടെ വില്പന, മറ്റ് സർവ്വേ നമ്പരുകളിലെ ഭൂമിയുടെ അവസ്ഥ, മുൻ ജന്മിക്ക് പട്ടയം നൽകിയത്, വ്യാജപട്ടയമായിട്ടും റദ്ദാക്കാതിരുന്നത്, ഭൂമിക്ക് റവന്യൂ സർട്ടിഫിക്കറ്റുകൾ നൽകിയ സാഹചര്യം എന്നിവയാണ് രേണുരാജിന്റെ സംഘം അന്വേഷിക്കുക. നിയമനടപടികൾ ഉന്നതോദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദ്ദേശിച്ചു. വ്യാജ പട്ടയം റദ്ദാക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ അഡ്വക്കേറ്റ് ജനറലിനോടും ആവശ്യപ്പെട്ടു.