ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2004-ലേതിനു സമാനമായി ഇടതു മുന്നണി 18 സീറ്റും അതിലധികവും നേടും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എൽ.ഡി.എഫിന് അനുകൂലമായാണ് വന്നത്. മുൻകാലങ്ങളിൽ ഇടതുവോട്ട് ചിതറിപ്പോകുന്ന സ്ഥിതിയുണ്ടായിരുന്നെങ്കിൽ ഇത്തവണ അതുണ്ടായിട്ടില്ല. ഭൂരിപക്ഷ വിഭാഗ വോട്ടുകളിൽ ഏകീകരണം ഉണ്ടായിട്ടുമില്ല.
രാഹുൽ തരംഗമില്ല
രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാട് മണ്ഡലത്തിൽ മാത്രമാണ് ചലനമുണ്ടാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം തന്നെയാണ് ഇത്തവണയും. അന്ന് 15 ശതമാനം വോട്ട് ബി.ജെ.പി.ക്കു കിട്ടി. എന്നിട്ടും കൂടുതൽ സീറ്റു നേടിയത് എൽ.ഡി.എഫ് ആണ്. അതിനാൽ, പോളിംഗിലെ വർദ്ധനവ് മുന്നണിക്ക് ആശങ്കയുണ്ടാക്കുന്നതല്ല.
അഞ്ചു മണ്ഡലങ്ങളിൽ ബി.ജെ.പി- കോൺഗ്രസ് വോട്ടുകച്ചവടം നടന്നു. അത് നേരത്തേയറിഞ്ഞ് പ്രതിരോധിച്ചതിനാൽ കൂടുതൽ വോട്ടുകൾ അനുകൂലമായി പോൾ ചെയ്യിക്കാനായി. വോട്ടുകച്ചവടം എൽ.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല. ഭൂരിപക്ഷ വിഭാഗത്തിലെ ചില സമുദായ സംഘടനകൾ ഇടതുമുന്നണിയെ പരസ്യമായി സഹായിച്ചു. എൻ.എസ്.എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്.
ബി.ജെ.പി അക്കൗണ്ട് തുറക്കില്ല
ബി.ജെ.പി വോട്ടുനില മെച്ചപ്പെടുത്തും. അത് ഇടതിനെ ബാധിക്കില്ല. അവർ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ബി.ജെ.പി മൂന്നാമതാവും. 2004-ൽ ബി.ജെ.പി 12 ശതമാനം വോട്ടു പിടിച്ചപ്പോൾ ഇടതുമുന്നണി 18 സീറ്റിൽ ജയിച്ചു. 2009-ൽ ആറര ശതമാനം വോട്ടു പിടിച്ചപ്പോൾ ഇടതിന് സീറ്റ് കുറയുകയാണ് ചെയ്‌തത്. ഏതെങ്കിലും മതവിഭാഗത്തെ പ്രീണിപ്പിക്കുന്ന നിലപാടല്ല എൽ.ഡി.എഫിന്റേത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന എൽ.ഡി.എഫ് നിലപാടിനുള്ള അംഗീകാരമാകും തിരഞ്ഞെടുപ്പ് ഫലം.
ശബരിമല എതിരാകില്ല
സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും എക്കാലവും എതിർത്തിരുന്നവരും ഇടതിന് വോട്ട് ചെയ്‌തു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, മുസ്ലിംലീഗ് എന്നിവയുമായി കൂട്ടുകൂടിയാണ് യു.ഡി.എഫ് മത്സരിച്ചത്. ശബരിമല വിഷയം പ്രചാരണരംഗത്ത് ചർച്ച ചെയ്യരുതെന്ന നിലപാട് എൽ.ഡി.എഫ് സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതിവിധി ചർച്ച ചെയ്യപ്പെട്ടാൽ എൽ.ഡി.എഫിന് എതിരാകില്ല. എൽ.ഡി.എഫിന് പ്രതികൂലമാവുന്ന ഒരു ഘടകവും അതിലില്ല. കോടതിവിധിയെ തുടർന്നുണ്ടായ കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായി. പോളിംഗിന് വി.വി.പാറ്റ് ഉപയോഗിക്കുമ്പോൾ വോട്ടെടുപ്പ് സമയം വൈകുമെന്നു കണക്കാക്കി ബൂത്തുകൾ ക്രമീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനു കഴിഞ്ഞില്ല.
(വോട്ടെടുപ്പ് വിലയിരുത്താൻ തിരുവനന്തപുരത്ത് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം വാർത്താ ലേഖകരോടു പറഞ്ഞത്)