തിരുവനന്തപുരം: ഏതു ബി.ജെ.പിക്കാരനാണ് കേരളത്തിൽ പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തതെന്ന് ചോദിച്ചുകൊണ്ട് മോദിയുടെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിട്ടു.
പ്രധാനമന്ത്റി എന്ന ഉന്നത സ്ഥാനത്തിന് ചേർന്നതല്ല മോദി വാരണാസിയിൽ നടത്തിയ പരാമർശം. കേരളത്തിൽ ബി.ജെ.പിക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെ പ്രധാനമന്ത്റി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര സർക്കാരിന്റെ ക്രൈം റെക്കാർഡ്‌സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുൻപ് ആ കണക്കു നോക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് അദ്ഭുതകരമാണ്. സംഘപരിവാറിൽ പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യു.പിയും ഗുജറാത്തും ഉൾപ്പെടെ പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തിൽ ലഭിക്കില്ല. ഇവിടെ അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും. എന്തു നുണയും പ്രചരിപ്പിക്കാൻ മടിയില്ലാത്ത കൂട്ടരാണ് ആർ.എസ്.എസ്. ഇത്തരം നുണകൾ ആവർത്തിക്കാൻ മതസൗഹാർദ്ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗർഭാഗ്യകരമാണെന്നും പിണറായി വ്യക്തമാക്കി.