ksrtc-scania

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിൽ നിന്നു ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും കൂടുതൽ സർവീസുകൾ നടത്താൻ കേരള- കർണാടക സർക്കാരുകൾ തമ്മിൽ ധാരണ. ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ തുല്യ ബസ് സർവീസുകൾ കൂടുതലായി ആരംഭിക്കും. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.

എത്ര സർവീസുകൾ വേണമെങ്കിലും ആരംഭിക്കാൻ തയ്യാറാണെന്നാണ് കർണാടക കോർപറേഷൻ അറിയിച്ചത്.

അതേസമയം കെ.എസ്.ആർ.ടി.സിക്ക് എത്ര സർവീസ് നടത്താൻ കഴിയുമെന്നതിനെ കുറിച്ചുള്ള വിവരം ഉടൻ ലഭ്യമാക്കണമെന്ന് ഗതാഗത സെക്രട്ടറി കെ.എസ്.ആർ.ടി.സി എം.ഡി എം.പി. ദിനേശിനോട് ആവശ്യപ്പെട്ടു.

കല്ലട ബസിൽ യാത്രക്കാരെ ജീവനക്കാർ തല്ലിച്ചതച്ച സംഭവത്തെ തുടർന്ന് സ്വകാര്യബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായി നടപടി സ്വീകരിച്ചുവരികയാണ്. ഇങ്ങനെ പോയാൽ സർവീസുകൾ നിറുത്തി വയ്ക്കുമെന്നാണ് ബസുടമകളുടെ സംഘടനയുടെ ഭീഷണി. ഇത് മറികടക്കണമെങ്കിൽ കൂടുതൽ ബസ് സർവീസ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ നടത്തിയേ മതിയാകൂ. എന്നാൽ കൂടുതൽ അന്തർസംസ്ഥാന സർവീസ് നടത്തുന്ന കാര്യത്തിൽ ഇന്നലെ കെ.എസ്.ആർ.ടി.സി വ്യക്തമായ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഇതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നാണ് എം.ഡി എം.പി. ദിനേശ് പറഞ്ഞത്.

 ഉദ്യോഗസ്ഥർ തുരങ്കം വയ്ക്കാൻ സാദ്ധ്യത

സ്വകാര്യബസ് ലോബിയുമായി അടുപ്പമുള്ളവർ കെ.എസ്.ആർ.ടി.സിയിലും ഉണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നതാണ്. അതിനാൽ കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ നടത്താനുള്ള നീക്കത്തെ ഈ ഉദ്യോഗസ്ഥർ തുരങ്കം വയ്ക്കാനും സാദ്ധ്യതയുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന 17 സ്കാനിയകളിൽ ഏഴെണ്ണം കട്ടപ്പുറത്താണ്. വാടകയ്ക്കെടുത്ത ബസുകളിൽ രണ്ടെണ്ണം അപകടത്തെ തുടർന്ന് അറ്റകുറ്റപ്പണിക്ക് കയറ്റിയപ്പോൾ കോർപറേഷന്റെ സ്വന്തം സ്കാനിയകൾ കട്ടപ്പുറത്തായതിന്റെ കാരണം അജ്ഞാതമാണ് !

സർവീസ് നശിപ്പിക്കുന്നതും ഉദ്യോഗസ്ഥർ

മുംബയ് ആസ്ഥാനമായ കമ്പനിയിൽനിന്നു പത്ത് സ്കാനിയകളാണ് കോർപറേഷൻ ഡ്രൈവർ അടക്കം വാടകയ്ക്ക് എടുത്തിരിക്കുന്നത്. ബസ് തകരാറിലായാൽ 48 മണിക്കൂറിനകം പകരം ബസ് എത്തിക്കണമെന്നാണ് കരാർ.

അല്ലെങ്കിൽ നഷ്ടപ്പെടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ അധികം കമ്പനി നൽകേണ്ടിവരും. അതേസമയം തകരാറിലായ ബസുകൾക്കു പകരം ബസെത്തിക്കാൻ സ്വകാര്യ കമ്പനി തയ്യാറായിട്ടില്ല. ഇവരോട് ബസ് എത്തിക്കാൻ കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുമില്ല. പലപ്പോഴും സർവീസുകൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് ബസ് ഇല്ലെന്ന കാര്യം കമ്പനി കോർപറേഷനെ അറിയിക്കുന്നത്. നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ അനങ്ങാറില്ല. ബസ് സർവീസ് മുടങ്ങുന്നതോടെ യാത്രക്കാർ അടുത്തുള്ള സ്വകാര്യ ബസ് കേന്ദ്രങ്ങളെ ആശ്രയിക്കും. മുടക്കം പതിവാകുമ്പോൾ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിക്കുകയും ചെയ്യും.