cpm-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എതിരായ വോട്ട് ധ്രുവീകരണം സംഭവിച്ചിട്ടില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. മതന്യൂനപക്ഷങ്ങളുടെ വോട്ട് ഏകീകരണം പൂർണമായി ഇടതിന് എതിരാവില്ലെന്നാണ് ഇന്നലെ 20 ലോക്‌സഭാ മണ്ഡലംകമ്മിറ്റികളിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിശകലനം ചെയ്‌ത ശേഷം സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.

ആറു സീറ്റുകൾ ഉറപ്പെന്ന് വിലയിരുത്തുന്ന സി.പി.എം, ഇടതുവിരുദ്ധ ധ്രുവീകരണമില്ലാത്തതിനാൽ 18 സീറ്റ് വരെ ലഭിക്കാൻ സാദ്ധ്യതയുള്ളതായും വിലയിരുത്തുന്നു. സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 18 സീറ്റ് വരെ നേടുമെന്ന് പ്രസ്‌താവിച്ചതും ഇതേത്തുടർന്നാണ്. പ്രചരണത്തിൽ താഴെത്തട്ടിൽ ഉണ്ടാക്കിയെടുത്ത ശക്തമായ മേൽക്കൈയാണ് ആത്മവിശ്വാസത്തിന് പ്രേരകം. ചില മണ്ഡലങ്ങളിലെങ്കിലും ആർ.എസ്.എസ് വോട്ടുകൾ യു.ഡി.എഫിലേക്കു മറിയാനിടയുള്ളതാണ് ശങ്കയുണർത്തുന്ന ഘടകം.

കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളാണ് സി.പി.എം ഉറപ്പിക്കുന്നത്. പത്തനംതിട്ടയിലും ചാലക്കുടിയിലും കൊല്ലത്തും കോഴിക്കോടും അവസാനഘട്ടമെത്തിയപ്പോഴേക്കും നല്ല പോരാട്ടം കാഴ്ചവയ്‌ക്കാനായി. ഹിന്ദു മുന്നാക്ക സമുദായ വോട്ടുകളിൽ കരുതുന്നതു പോലെ ധ്രുവീകരണമുണ്ടായിട്ടില്ല. ഉണ്ടായാൽത്തന്നെ മറികടക്കാനുതകുന്ന രാഷ്ട്രീയവോട്ടുകൾ ഉറപ്പിക്കാൻ സംഘടനാപ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.

മത ന്യൂനപക്ഷമേഖലകളിൽ പല ഘടകങ്ങളാൽ ഏകപക്ഷീയമായ ധ്രുവീകരണം എതിരാളികൾക്കനുകൂലമായി സംഭവിച്ചിട്ടില്ല. സുന്നി വിഭാഗങ്ങളുടെയും മറ്റും പിന്തുണ ഇടതിനായതിനു പുറമേ, ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന പ്രചാരണം ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുകയും ചെയ്‌തു. ഇടതുപക്ഷ പിന്തുണയില്ലാതെ പോയതാണ് രണ്ടാം യു.പി.എയുടെ ദുരന്തമെന്ന രാഹുൽഗാന്ധിയുടെ അഭിമുഖത്തിലെ പരാമർശവും ഒരുപരിധി വരെ ന്യൂനപക്ഷമേഖലകളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഭൂരിപക്ഷ സമുദായത്തിൽ അടിയൊഴുക്കുകൾ എത്ര സംഭവിച്ചാലും മറികടക്കാനുതകുന്ന രാഷ്ട്രീയവോട്ടുകളുണ്ട്. സംസ്ഥാന സർക്കാരിനെതിരായ വികാരം എവിടെയും പ്രകടമല്ല. പ്രചാരണവേളയിലെവിടെയും അത്തരം ചർച്ചയുമുണ്ടായില്ല. മാത്രമല്ല, സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പെൻഷൻ അടക്കമുള്ള പദ്ധതികൾ സാധാരണക്കാർക്കിടയിൽ അനുകൂല വികാരവുമുണ്ടാക്കി.

ചാലക്കുടിയിലും കൊല്ലത്തും അവസാനമെത്തിയപ്പോൾ നല്ല മുന്നേറ്റമുണ്ടാക്കാനായി. എറണാകുളത്ത് പി. രാജീവിന് മദ്ധ്യവർഗത്തിനിടയിലുള്ള സ്വീകാര്യത തുണയാകുമെന്ന പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിയിലേക്കു മറിഞ്ഞുവെന്ന തോന്നലിൽ ന്യൂനപക്ഷ വോട്ടർമാരിൽ ഇടതിന് അനുകൂലമായ ചിന്ത ഉടലെടുത്തിരിക്കാമെന്നും വിലയിരുത്തലുണ്ട്.

ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളിൽ ബി.ജെ.പി നിസ്സഹകരണം പ്രകടമായിട്ടുണ്ടെന്ന് സി.പി.എം വിലയിരുത്തുന്നു. പലേടത്തും ബൂത്തിലിരിക്കാൻ ആളില്ലായിരുന്നു. ഇവിടങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിക്കാൻ സാദ്ധ്യതയേറെയാണ്. കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ആർ.എസ്.എസ് പ്രവർത്തകനായ അടുത്തബന്ധു വഴി വോട്ടുകൾ മറിക്കാൻ ശ്രമമുണ്ടായെന്ന അഭിപ്രായം അവിടത്തെ മണ്ഡലം കമ്മിറ്റി റിപ്പോർട്ട് വിശകലനം ചെയ്യവേ സെക്രട്ടേറിയറ്റിലുണ്ടായി. കണ്ണൂരിലും വടകരയിലും ആർ.എസ്.എസ് വോട്ടുകൾ നല്ലപോലെ മറിഞ്ഞെന്ന സംശയവുമുണ്ട്. ആർ.എം.പി സ്ഥാനാർത്ഥി ഇല്ലാതിരുന്നതുകൊണ്ടുതന്നെ വടകരയിൽ അവരൊരു എതിർ ഘടകമായിട്ടില്ലെന്നാണ് വിലയിരുത്തൽ.