തിരുവനന്തപുരം: ദോഹയിൽ നിന്നുള്ള ഇൻഡിഗോ പ്രതിദിന സർവീസ് കൂടി മേയ് രണ്ടു മുതൽ നിറുത്തുന്നതോടെ തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിലാവും. മൂന്നുമാസത്തിനിടെ അഞ്ച് വിമാനക്കമ്പനികൾ ഇവിടെ നിന്ന് സർവീസ് നിറുത്തിയിരുന്നു. മേയ് രണ്ടു മുതൽ സർവീസ് താത്കാലികമായി നിറുത്തുന്നതായി ഇൻഡിഗോ ഗൾഫിൽ നിന്നുള്ള യാത്രക്കാരെ അറിയിച്ചു. അവധിക്കാലത്ത് പൊടുന്നനെ സർവീസ് നിറുത്തുന്നത് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ പ്രവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കും. മറ്റ് സർവീസുകളിൽ ടിക്കറ്റ് നിരക്കുയരാനും ഇടയാക്കും.
ആഗസ്റ്റിനു ശേഷം സർവീസ് പുനരാരംഭിക്കുമെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. കഴിഞ്ഞ വർഷം അവധിക്കാലത്ത് ദോഹയിൽ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ശരാശരി ടിക്കറ്റ് നിരക്ക് 2,500 റിയാൽ ആയിരുന്നത് ഇപ്പോൾ 3,000-3,200 റിയാൽ വരെ ഉയർന്നിട്ടുണ്ട്.ജെറ്റ് എയർവേയ്സിന്റെ ദോഹ സർവീസ് നിറുത്തിയതിന് പിന്നാലെയാണ് ഇൻഡിഗോയും പിന്മാറിയത്. എയർഇന്ത്യയ്ക്ക് തിരുവനന്തപുരം-ദോഹ സർവീസ് ഉണ്ടെങ്കിലും കരിപ്പൂർ വഴിയാണ്. ഖത്തർ എയർവേയ്‌സിന് നേരിട്ടു സർവീസ് ഉണ്ടെങ്കിലും നിരക്ക് ഉയർന്നതാണ്. താരതമ്യേന നിരക്കു കുറവുള്ള ശ്രീലങ്കൻ എയർവേയ്‌സുണ്ടെങ്കിലും ശ്രീലങ്കയിൽ ട്രാൻസിറ്റ് പോയിന്റുണ്ട്. ചാവേർ സ്ഫോടനങ്ങളെത്തുടർന്ന് ശ്രീലങ്ക വഴിയുള്ള യാത്ര ദുഷ്‌കരമാണ്. കേരളത്തിൽ വേനലവധി തുടങ്ങുന്നതോടെ, ഗൾഫിലേക്കും തിരിച്ചും തിരക്ക് കൂടും. അവധിക്കാലം ചെലവിടാൻ കുടുംബങ്ങളെ ഗൾഫിലേക്ക് കൊണ്ടുപോകുന്നവരും പ്രതിസന്ധിയിലാണ്. ജൂൺ പകുതിയോടെ ഗൾഫിൽ സ്കൂൾഅവധി തുടങ്ങുമ്പോൾ വിമാനക്കമ്പനികൾ ടിക്കറ്റ്നിരക്ക് വീണ്ടുമുയർത്താറുണ്ട്.
ഒരു വർഷത്തിനിടെ അഞ്ഞൂറോളം സർവീസുകളാണ് കുറഞ്ഞത്
യാത്രക്കാരുടെ എണ്ണവും വരുമാനവും വർദ്ധിച്ചിട്ടും സർവീസുകൾ കുറയുകയാണ്
ജെറ്റ്, സൗദിയ ഉൾപ്പെടെ 5 കമ്പനികളാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ് നിറുത്തിയത്
ശ്രീലങ്കയിലേക്കും സിംഗപ്പൂരിലേക്കുമുള്ള ചെലവ് കുറഞ്ഞ സിൽക്ക് എയർ സർവീസ് നിറുത്തി
ദുബായിലേക്ക് ആഴ്ചയിൽ നാല് സർവീസുണ്ടായിരുന്ന ഫ്ലൈ ദുബായും സർവീസ് അവസാനിപ്പിച്ചു തിരുവനന്തപുരം വിട്ട ഫ്ലൈ ദുബായും സൗദിയയും കോഴിക്കോട്ടു നിന്ന് സർവീസ് തുടങ്ങി
രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരുവനന്തപുരത്തേക്കാണ് സർവീസുകൾ കുറവുള്ളത്
ഒരുവർഷത്തിനിടെ 17.3 ശതമാനം കുറവുണ്ടായി