tokiyo-cyclone

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ തുടങ്ങി. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയതോതിൽ മഴ ലഭിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയുമുണ്ടായി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.

യെല്ലോ അലർട്ട്

കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാ‌ട് തുടങ്ങി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ ഉരുൾപൊട്ടലിന് സാദ്ധ്യത.

ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ്

രാത്രികാലങ്ങളിൽ യാത്ര ഒഴിവാക്കണം

വെള്ളപ്പൊക്കമുണ്ടായാൽ നേരിടാൻ കിറ്റ് ഒരുക്കി വയ്ക്കണം

ജാഗ്രതാനിർദ്ദേശങ്ങൾ അറിയാൻ, ടിവി, പത്രങ്ങൾ, റേഡിയോ അറിയിപ്പുകൾ ശ്രദ്ധിക്കണം

തിങ്കൾ മുതൽ രണ്ടുദിവസം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും.

മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്.

ഇതിനകം മീൻപിടിക്കാൻ പോയവർ ഉടൻ മടങ്ങിയെത്തുകയോ, അടുത്തുള്ള തീരങ്ങളിൽ സുരക്ഷിതതാവളമൊരുക്കുകയോ ചെയ്യണം.

തിരകൾ രണ്ടുമീറ്റർ വരെ ഉയരത്തിൽ അടിക്കാൻ സാദ്ധ്യതയുണ്ട്.

ന്യൂനമർദ്ദം ഇപ്പോൾ

ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ മദ്ധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ 16 കിലോമീറ്റർ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 1090 കിലോമീറ്ററും ചെന്നൈയിൽ നിന്ന് 1440 കിലോമീറ്ററും ആന്ധ്രയിലെ മിച്ചലിപ്പട്ടണത്തുനിന്ന് 1720 കിലോമീറ്ററും അകലത്തായി ആഴക്കടൽ ഭാഗത്താണിപ്പോഴുള്ളത്. അടുത്ത 24 മണിക്കൂറിൽ അത് തീവ്രന്യൂനമർദ്ദമായി മാറി 60 കിലോമീറ്റർ വേഗത കൈവരിക്കും. പിന്നത്തെ 12 മണിക്കൂറിൽ ചുഴലിക്കാറ്റായി രൂപം മാറും. അപ്പോൾ വേഗത 90 കിലോമീറ്ററാകും. 28ന് അത് ലങ്കയുടെ വടക്കൻ തീരത്തെത്തും. പിന്നീട് 100 കിലോമീറ്റർ വേഗത്തിൽ തമിഴ്നാട്ടിൽ ആഞ്ഞടിക്കും. അത് 29നായിരിക്കും. തുടർന്ന് 30ന് ആന്ധ്രയിലെത്തും. അപ്പോൾ വേഗത 130 കിലോമീറ്ററായി കൂടും. തുടർന്ന് വേഗത കുറഞ്ഞ് ബംഗാൾ ഉൾക്കടലിലേക്ക് വലിഞ്ഞ് മ്യാൻമറിലെത്തി അവസാനിക്കും.