തിരുവനന്തപുരം: വഞ്ചിയൂർ ജില്ലാ കോടതിയിൽ ജഡ്ജിയുടെ ചേംബറിന്റെ മേൽക്കൂരയുടെ ഒരുഭാഗം അടർന്നു വീണു. സംഭവ സമയം ചേംബറിലുണ്ടായിരുന്ന ജഡ്ജി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുതിയ കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള പ്രത്യേക സി.ബി.എെ കോടതി ജഡ്ജി ജെ. നാസറിന്റെ ചേംബറിന്റെ മേൽത്തട്ടിന്റെ ചെറിയ കോൺക്രീറ്റ് പാളിയാണ് ഇന്നലെ ഉച്ചയ്ക്ക് പൊളിഞ്ഞുവീണത്. കോടതി നേരത്തേ പിരിഞ്ഞതിനാൽ ജഡ്ജി ചേംബറിൽ വിശ്രമിക്കുകയായിരുന്നു. ജഡ്ജി ഇരുന്നതിന്റെ പിറകുവശത്തായാണ് പാളി വീണത്. ഈ സമയം മറ്റാരും സ്ഥലത്ത് ഇല്ലായിരുന്നു. ഉടൻ ജഡ്ജി ബെല്ലടിച്ച് ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷം ചേംബറിന് പുറത്തേക്ക് പോയി.

150 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം യാതൊരു ബലക്ഷയവുമില്ലാതെ നിൽക്കുമ്പോഴാണ് ഒൻപത് വർഷം മാത്രം കാലപ്പഴക്കമുള്ള കെട്ടിടം പൊളിഞ്ഞ് വീണതെന്ന് ആക്ഷേപമുണ്ട്.

കെട്ടിട നിർമ്മാണത്തിൽ പാളിച്ചയെന്ന്

2010 ഏപ്രിലിൽ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണ വിഭാഗമാണ് കോടതി സമുച്ചയത്തിന്റെ പണി പൂർത്തിയാക്കിയത്. കെട്ടിട നിർമ്മാണം നടന്നപ്പോഴേ ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് ഉപയോഗിച്ചതെന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. പുതിയ കോടതി സമുച്ചയത്തിലെ ഫാനുകളും ട്യൂബ് ലെെറ്റുകളും പോലും കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നിന്ന് നിരവധി പരാതികൾ പൊതുമരാമത്ത് വിഭാഗത്തിന് നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് അധികൃതർ പറയുന്നു.