തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ നടത്തിയ പരിശോധനയിൽ അനധികൃതമായി ഓടിയ 255 അന്തർസംസ്ഥാന ബസുകൾ പിടികൂടി. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിനും ചരക്ക് കടത്തിയതിനും 7.45 ലക്ഷം രൂപ പിഴ ഈടാക്കി. പാലക്കാടാണ് കൂടുതൽ ബസുകൾ പിടികൂടിയിട്ടുള്ളത്. അനുമതി ഇല്ലാതെ പ്രവർത്തിച്ച 107 ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾക്ക് നോട്ടീസ് നൽകി. എൽ.എ.പി.ടി ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ ഏഴുദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ അടയ്ക്കണം.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിലുള്ള പരിശോധന ഇന്നലെ രാത്രിയിലും തുടരുകയാണ്.
തിരുവനന്തപുരത്ത് മാത്രം 34 ബസുകൾക്കെതിരെ കേസ് എടുത്തു. 54,000 രൂപ പിഴയും ഈടാക്കി. വാളയാർ ചെക്ക് പോസ്റ്റിൽ 97 ബസുകൾക്ക് പിടിവീണു. ബസുകളിൽ ചരക്ക് കൊണ്ടുവരുന്നത് കുറഞ്ഞെങ്കിലും മറ്റു നിയമലംഘനങ്ങൾ തുടരുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിശ്ചിത സംഘം ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനുള്ള പെർമിറ്റിൽ ടിക്കറ്റ് നൽകിയാണ് ടൂറിസ്റ്റ് ബസുകളുടെ യാത്ര. ഇത് നിയമവിരുദ്ധമാണെങ്കിലും യാത്രക്കാര ബുദ്ധിമുട്ടിക്കാതെ പിഴ ഈടാക്കി യാത്ര അനുവദിക്കുകയാണ് ചെയ്യുന്നത്.
നിയമലംഘനം തുടർന്നാൽ പെർമിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് നീങ്ങും. ഒപ്പം ഗ്രാമീണ മേഖലകളിലെ സമാന്തര സ്വകാര്യ സർവീസുകൾക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്.