തിരുവനന്തപുരം : രൂക്ഷമായ കടൽക്ഷോഭത്തിന് നേരിയ ശമനമായെങ്കിലും തീരത്തെ ജനങ്ങളുടെ ആശങ്ക ഇനിയും ഒഴിയുന്നില്ല. ശംഖുംമുഖം മേഖലയിലും വലിയതുറയിലും ശക്തമായ തിരയടി ഇപ്പോഴും തുടരുന്നുണ്ട്. വലിയതുറയിലെ ആറു കുടുംബങ്ങളെ കൂടി ഇന്നലെ വലിയതുറ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇതോടെ മൂന്നു ദിവസത്തിനിടെ ക്യാമ്പുകളിലേക്ക് മാറ്റിയ കുടുംബങ്ങളുടെ എണ്ണം 25 ആയി. വലിയതുറ അംഗൻവാടിയിൽ 8 കുടുംബവും വലിയതുറ യു.പി സ്‌കൂളിൽ 17 കുടുംബവുമാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്. വലിയതുറ, ശംഖുംമുഖം, പൂന്തുറ മേഖലകളിലെ അഞ്ച് വീടുകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽക്ഷോഭത്തിൽ തകർന്നത്. പലവീടുകളും ഇപ്പോഴും തകർച്ചാ ഭീഷണിയിലാണ്. തിരയെ പ്രതിരോധിക്കാൻ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണ് വലിയ ചാക്കുകളിൽ നിറച്ച് കടൽ തീരത്ത് സ്ഥാപിക്കുന്നുണ്ട്. തീരത്ത് എത്തിച്ച മണ്ണ് ചാക്കുകളിൽ നിറച്ച് കടൽഭിത്തി പോലെ അടുക്കിവച്ചു തുടങ്ങി. വരും ദിവസങ്ങളിൽ ഈ പ്രവർത്തനം തുടരും.
അതേസമയം കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ വലിയതുറ, പൂന്തുറ, ചേരിയാമുട്ടം പ്രദേശത്തുള്ളവർ മത്സ്യ ബന്ധനത്തിന് പോയി.
പുലിമുട്ടില്ലാതെ രക്ഷയില്ലെന്ന് തീരവാസികൾ
തീരത്തെ സംരക്ഷിക്കാൻ പാറ അടുക്കലല്ല, പുലിമുട്ട് സ്ഥാപിക്കുക മാത്രമാണ് ശാശ്വതമായ പരിഹാരമെന്നാണ് തീരദേശവാസികൾ പറയുന്നത്. തീരം നഷ്ടപ്പെട്ടതോടെ കമ്പവല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്ന നാലായിരത്തി അഞ്ഞൂറോളം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്ന് കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോണി ഒളിവർ പറഞ്ഞു .
'സേവ് വലിയതുറ കൂട്ടായ്മ "
കടൽ ഭിത്തിയോ, പുലിമുട്ടോ നിർമ്മിച്ച് തീരപ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് വലിയതുറ " എന്ന പേരിൽ വാട്സ് ആപ്പ്, ഫേസ് ബുക്ക് കൂട്ടയ്മ രൂപീകരിച്ചിരിക്കുകയാണ് പ്രദേശത്തെ ചെറുപ്പക്കാർ.
കടലാക്രമണം വരുമ്പോൾ വലിയതുറയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും വീട് നഷ്ടപ്പെടുന്നവർക്ക് മറ്റെവിടെയെങ്കിലും ഫ്ളാറ്റ് നൽകുകയും ചെയ്യുന്നത് തങ്ങളുടെ അസ്ഥിത്വം ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണെന്നും യുവാക്കൾ പറയുന്നു.