തിരുവനന്തപുരം:കേരളത്തിൽ പരിശോധന നടക്കുന്നതറിഞ്ഞ് ബംഗളുരുവിൽ നിന്നുള്ള മടക്കയാത്ര കല്ലട ബസ് ജീവനക്കാർ മനഃപൂർവം മുടക്കിയതായി യാത്രക്കാർ പരാതിപ്പെടുന്നു. വോട്ടെടുപ്പിന്റെ തലേന്ന് നാട്ടിലേക്ക് പുറപ്പെട്ട മലയാളികൾക്കാണ് ദുരനുഭവം ഉണ്ടായത്. ബസ് ചാർജ് മടക്കി നൽകാതെ വന്നതോടെ ഇരട്ടിത്തുക ചെലവിട്ടാണ് പലരും നാട്ടിലേക്ക് എത്തിയത് എന്ന് കായംകുളം സ്വദേശിയായ എ.എം. സത്താർ പറഞ്ഞു

ബംഗളുരുവിൽനിന്ന് ഭാര്യാസഹോദരനൊപ്പമാണ് സത്താർ നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്‌ക്ക് മൈസൂരിൽ എത്തും മുമ്പ് കല്ലട ബസിന്റെ എ.സി കേടായി. യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ ബസ് നിർത്തി. മൈസൂരിൽ എത്തിയാൽ പുതിയ ബസ് തയ്യാറാണെന്ന് ജീവനക്കാർ പറഞ്ഞു. ചൂട് സഹിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെ അൻപത് കിലോമീറ്ററോളം വീണ്ടും യാത്രചെയ്തു. മൂന്നുമണിക്കൂറോളം യാത്രക്കാർ മൈസൂരിൽ കാത്തിരുന്നു. രാത്രി ഒൻപതു മണിയായിട്ടും ബസ് വന്നില്ല. പണം മടക്കിനൽകാൻ ആവശ്യപ്പെട്ടപ്പോൾ അതുംചെയ്തില്ല

എ.സി തകരാറിലായി എന്നത് ജീവനക്കാരുടെ തന്ത്രമായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. കേരളത്തിലേക്ക് കടന്നാൽ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് യാത്ര മനഃപൂർവം മുടക്കുകയായിരുന്നു. ബംഗളുരുവിൽ നിന്ന് തന്നെ യാത്ര റദ്ദാക്കിയിരുന്നെങ്കിൽ പണം തിരികെ നൽകേണ്ടി വരും എന്നതിനാലാണ് യാത്രക്കാരോട് ഈ ക്രൂരത കാണിച്ചതെന്നാണ് ആരോപണം.