തിരുവനന്തപുരം: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കളമശേരി 83-ാം നമ്പർ ബൂത്തിൽ റീ പോളിംഗ് 30ന് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. 23ന് വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനെക്കാളും 43 വോട്ടുകൾ മെഷീനിൽ കൂടുതലായി ഈ ബൂത്തിൽ കണ്ടെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി നൽകിയതോടെ കളക്ടർ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ തീരുമാനിച്ചു. ഈ വോട്ടിംഗ് യന്ത്രം എണ്ണണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. മോക്ക് പോളിംഗ് നടത്തിയപ്പോഴുള്ള വോട്ടുകൾ കൂടി യഥാർത്ഥ വോട്ടിനൊപ്പം കൂടിയതെന്നാണ് കരുതുന്നത്.