crime

തിരുവനന്തപുരം: പാറശാല ആറയൂരിൽ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ കേസിൽ കടമ്പാട്ടുവിള സ്വദേശി ഷാജിയെ തേടി പൊലീസ് നടക്കുമ്പോൾ ഇയാളുടെ അച്ഛൻ കൃഷ്ണന്റെ തിരോധാനത്തിലും ദുരൂഹത നിറയുന്നു. ആറയൂർ കൊച്ചറപ്പുര ആർ.കെ.വി ഭവനിൽ ബിനുവിനെ (41) ഷാജിയുടെ വീട്ടുപുരയിടത്തിൽ കൊലപ്പെടുത്തി ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയതോടെ കൃഷ്ണന്റെ തിരോധാനവും നാട്ടുകാർക്കിടയിൽ സംശയങ്ങൾക്കിടയാക്കി. ഏതാനും വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിലാണ് ഷാജിയുടെ പിതാവ് കൃഷ്ണനെ കാണാതായത്. ബിനുവിന്റെ കൊലപാതകത്തോടെ, വർഷങ്ങൾക്ക് മുമ്പ് ഷാജി പിതാവിനെയും അപായപ്പെടുത്തി മറവ് ചെയ്തതാകാമെന്ന സംശയമാണ് ബലപ്പെടുന്നത്. കൃഷ്ണനെ കാണാതായ സംഭവത്തിൽ പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമൊന്നുമുണ്ടായില്ല.

ഏകമകനായ ഷാജിയും അച്ഛനെ കാണാതായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി താത്പ്പര്യമെടുത്തിരുന്നില്ല. ഇതും ബിനുവിന്റെ കൊലപാതകവുമാണ് കൃഷ്ണന്റെ തിരോധാനത്തിലും സംശയങ്ങൾക്ക് കാരണമാകുന്നത്. ഏകദേശം നാലുവർഷം മുമ്പാണ് കൃഷ്ണനെ കാണാതായത്. തരക്കേടില്ലാത്ത ഭൂസ്വത്തുക്കളുടെ ഉടമയായിരുന്ന കൃഷ്ണനും ഷാജിയും തമ്മിൽ സ്വത്തുക്കൾ ഭാഗം വയ്ക്കുന്നതിനെചൊല്ലി തർക്കമുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. സ്വത്തുതർക്കമുൾപ്പെടെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഷാജി ഭാര്യയുമായി തമിഴ്നാട്ടിലേക്ക് താമസം മാറി. പിതാവ് കൃഷ്ണനുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന അമ്മയേയും ഷാജിയും ഭാര്യയും അവർക്കൊപ്പം കൂട്ടി. തമിഴ്നാട്ടിലേക്ക് താമസം മാറിയതോടെ കടമ്പാട്ടുവിളയിലെ വീട് വാടകയ്ക്ക് നൽകി. ഭാര്യയും മകനുമായി അകന്നുകഴിഞ്ഞ കൃഷ്ണൻ വേറെയായിരുന്നു താമസം. മദ്യപാനവും മറ്റ് സ്വഭാവ ദൂഷ്യങ്ങളുമുണ്ടായിരുന്ന ഷാജി സ്വത്തുക്കൾ അന്യാധീനപ്പെടുത്തുമെന്ന് ഭയന്നാണ് കൃഷ്ണൻ ഓഹരി നൽകാതിരുന്നത്.

താമസം മാറിപ്പോയശേഷം ഇടയ്ക്കിടെ നാട്ടിൽ വന്ന് സ്വത്തിനെച്ചൊല്ലി അച്ഛനുമായി ഷാജി പലതവണ കലഹിച്ചിട്ടുള്ളതായി അയൽവാസികൾ വെളിപ്പെടുത്തുന്നു. അങ്ങനെയിരിക്കെയാണ് ഒരുദിവസം കൃഷ്ണനെ കാണാതാകുന്നത്. ആദ്യ ഒന്നുരണ്ട് ദിവസം ബന്ധുവീടുകളിലും മറ്റും നടത്തിയ തെരച്ചിലോടെ കൃഷ്ണനുവേണ്ടിയുള്ള അന്വേഷണം അവസാനിച്ചു.

ബിനുവിന്റെ ജീവനെടുത്തത് സത്യം കുഴിച്ചുമൂടാനോ ?

ബിനുവിന്റെ കൊലപാതകശേഷം നാടുവിട്ട ഷാജിയെ പിടികൂടിയാലേ കൃഷ്ണന്റെ തിരോധനവും ബിനുവിന്റെ കൊലപാതകവും സംബന്ധിച്ച സംഭവങ്ങളുടെ ചുരുളഴിയൂ. കൂലിപ്പണിക്കാരനായ ബിനുവിനെ അതിക്രൂരമായി കൊലപ്പെടുത്തി ചാക്കിൽകെട്ടിയതോടെ ഷാജിയുടെ ക്രിമിനൽ മുഖം വ്യക്തമായി. ഇരുകാലും വെട്ടിമാറ്റിയശേഷം ബിനുവിന്റെ മൃതദേഹം ചാക്കിൽ കയറ്റി പുരയിടത്തിൽ മണ്ണും കരിയിലയും മൂടിയ നിലയിലാണ് കണ്ടെത്തിയത്. മദ്യപാനത്തിനിടെ കൊലപാതകം നടന്നതായാണ് സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ച തെളിവുകൾ.

എന്നാൽ ബിനുവിനെ അരും കൊല നടത്താൻ ഷാജിയെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. കൃഷ്ണന്റെ തിരോധാനവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ ബിനുവിന് അറിയാമായിരുന്നുവെന്നതാണ് അരും കൊലയ്ക്ക് കാരണമായി നാട്ടുകാരുടെ വിലയിരുത്തൽ. കൃഷ്ണനെ അപായപ്പെടുത്താൻ ഷാജി ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചിരുന്നതായും അവർക്ക് പറഞ്ഞത്ര പ്രതിഫലം നൽകാത്തതിനാൽ കുറച്ച് നാൾമുമ്പ് ഗുണ്ടാസംഘം ഷാജിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വീടിന് ഏതാനും കി. മീറ്റർ അകലെ ഇടിച്ചക്ക പ്ളാമൂട്ടിൽ ഉപേക്ഷിച്ചതായും പറയപ്പെടുന്നുണ്ട്. തന്നെ തട്ടിക്കൊണ്ടുപോകുകയും മ‌ർദ്ദിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തിനെതിരെ ഷാജി പരാതി കൊടുത്തിരുന്നില്ല. ഇക്കാര്യങ്ങൾ ബിനുവിന് അറിയാമായിരുന്നുവെന്നതും ഒരിക്കൽ മദ്യലഹരിയിൽ ബിനു ഇത് പരസ്യപ്പെടുത്തിയതും ഷാജിയ്ക്ക് ഇയാളോട് വൈരാഗ്യത്തിന് കാരണമായതായി പൊലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഷാജിയെ

കണ്ടെത്താൻ തമിഴ്നാട്ടിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.