samaram

കിളിമാനൂർ: കടുത്ത ചൂടിന് ആശ്വാസമായി എത്തിയ വേനൽ മഴ കിളിമാനൂരിൽ ദുരിതമാകുന്നു. രണ്ടു ദിവസമായി ശക്തമായി തുടരുന്ന മഴയിൽ നിരവധി വീടുകൾ തകരുകയും, ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞ് വീഴുകയും, അംഗൻവാടി കെട്ടിടം ഉൾപ്പെടെ തകരുകയും ചെയ്തു. കോടികളുടെ നാശനഷ്ടമാണുണ്ടായത്. വാമനപുരം ദേവസ്വം ബോർഡിന് സമീപമുള്ള രമണിയുടെ വീടിന് മുകളിലേക്ക് കൂറ്റൻ പഞ്ഞി മരം കടപുഴകി വീണ് വീട് പൂർണമായും തകർന്നു. പേഴുകുന്നിൽ സുമതിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. വാമനപുരം പുതമന വീട്ടിൽ രുഗ്മിണി അമ്മയുടെ വീടിന്റെ ചുമരുകൾ ഇടിഞ്ഞു വീണു. പുളിമാത്ത് കമുകിൻ കുഴി ഉദ്ഘാടനം കഴിയാത്ത അംഗൻവാടി കെട്ടിടത്തിന്റെ മുകളിലേക്ക് റബർ മരങ്ങൾ കടപുഴകി വീഴുകയും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. കാരേറ്റ് ജംഗ്ഷനിൽ ഇലക്ട്രിക് ലൈൻ പൊട്ടി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാട്ടുംപുറത്ത് റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായി. കാരേറ്റ്, കുടിയേല, കമുകിൻ കുഴി, കാട്ടുംപുറം, പേടികുളം, ആറാം താനം എന്നിവിടങ്ങളിലാണ് ഒട്ടേറെ വീടുകൾ തകർന്നതും, കാർഷിക വിളകൾ നശിച്ചതും.