കിളിമാനൂർ: വേനൽ മഴയിലും കാറ്റിലും വ്യാപകമായ നാശ നഷ്ടമുണ്ടായ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് എന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര സഹായം സംബന്ധിച്ച് റവന്യൂ മന്ത്രിക്ക് കത്ത് നൽകിയതായും അദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ് പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും നാശ നഷ്ടങ്ങളുണ്ടായത്. പ്രദേശത്തെ സുശീലയുടെ വീട്, ദേവസ്വം സ്കൂളിന് സമീപം രമണിയുടെ വീട് എന്നിവ പൂർണമായും തകർന്നു. രമണിയുടെ വീടിന് മുകളിലൂടെ വീടിന് മുന്നിൽ നിന്ന കൂറ്റൻ പഞ്ഞി മരം വീണാണ് വീട് തകർന്നത്. ഉറങ്ങി കിടന്നിരുന്ന കുഞ്ഞുങ്ങളടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു. സുമതി അമ്മയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പൂർണമായും പറന്നു പോയി. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലം സന്ദർശിച്ച എം.എൽ.എക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവരും ഉണ്ടായിരുന്നു.