കണ്ണൂർ: ജില്ലാ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ഉറക്കി കിടത്തി മൂന്ന് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിലെ ദുരൂഹതകൾ ഇനിയും ബാക്കി. ജീവനക്കാർക്ക് ചായയിൽ ഉറക്ക ഗുളിക കലർത്തി ഉറക്കിയതിന് ശേഷം തടവുകാരായ റഫീഖ്, അഷ്രഫ് ഷംസീർ, അരുൺ എന്നിവരാണ് ജയിൽ ചാടാൻ ശ്രമിച്ചത്. മറ്റൊരു ഉദ്യോഗസ്ഥന്റെ കണ്ണിൽപ്പെട്ടതോടെയാണ് ഇവരുടെ ശ്രമം പാളിയത്.
ആദ്യം അസ്വാഭാവികതയൊന്നും തോന്നിയില്ലെങ്കിലും തുടർ അന്വേഷണത്തിൽ അടുക്കള ജോലിക്കാരായ ഇവർ എന്തോ ഒരു പൊടി ചായയിൽ ലയിപ്പിക്കുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ യാക്കൂബ്, ബാബു, താത്ക്കാലിക വാർഡൻ പവിത്രൻ എന്നിവരെയാണ് ചായയിൽ ഗുളിക കലർത്തി നൽകി ഉറക്കി കിടത്തിയത്.
ജയിൽ ഡോക്ടറെത്തി പരിശോധിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണെങ്കിൽ മറ്റുള്ളവർക്കും ബാധിക്കേണ്ടതല്ലേ എന്ന ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പയുടെ നിരീക്ഷണമാണ് സി.സി ടി.വി പരിശോധനയിലേക്ക് വഴിതെളിച്ചത്. ചോദ്യം ചെയ്യലിൽ ഉറക്ക ഗുളിക ചായയിൽ കലർത്തി നൽകിയതാണെന്ന് പ്രതികൾ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും ചെയ്തു. മാനസിക നില ദുർബലമായ തടവുകാർക്ക് ഉറങ്ങുന്നതിനു വേണ്ടി നൽകുന്ന ഗുളികയാണ് ചായയിൽ കലർത്തിയതെന്നും പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ കുറ്റസമ്മതത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് തുടർ അന്വേഷണത്തിൽ അറിയാനിരിക്കുന്നതേയുള്ളു.
ജീവനക്കാരുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ആശുപത്രി ജീവനക്കാർ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ മനോദൗർബല്യമുള്ള തടവുകാർക്ക് ഉറങ്ങുന്നതിനു വേണ്ടി നൽകുന്ന ഗുളിക തന്നെയാണോ ചയയിൽ കലർത്തിയതെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. ജയിലിൽ നിന്ന് ലഭിച്ച ഗുളിക തന്നെയെങ്കിൽ അത് അടുക്കള ജോലിക്കാരായ തടവുകാരുടെ കൈയിലേക്ക് എങ്ങനെ എത്തി എന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. അതല്ല, നേരെ മറിച്ച് വേറെന്തെങ്കിലും മരുന്നാണെങ്കിൽ ഇത് ജയിലിൽ ആര് എത്തിച്ചു എന്നതിനും ഉത്തരം കണ്ടെത്തേണ്ടി വരും.
നേരത്തെ കണ്ണൂരിലെ ജയിലിൽ വേവിക്കാത്ത മാംസവും മദ്യവും പുറത്തുനിന്നുള്ളവർ മതിലിനകത്തേക്ക് എറിഞ്ഞുകൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. മയക്കുമരുന്നും മൊബൈൽ ഫോണും തടവുകാർ ജയിലിനുള്ളിൽ ഉപയോഗിക്കുന്നതും ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിരവധി തവണ കണ്ടെത്തിയിരുന്നു. പക്ഷെ ഇതൊക്കെ ആരാണ്, എവിടെനിന്നാണ് ജയിലിനുള്ളിലേക്ക് എത്തിക്കുന്നതെന്ന അന്വേഷണം എവിടേയും എത്താറില്ല. അന്വേഷണം ആരംഭിച്ചാൽതന്നെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ കാരണം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.
അതുകൊണ്ടുതന്നെയാണ് ജയിലിനകത്ത് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ പെരുകാൻ ഇടയാകുന്നതും. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ഐ എൻ. പ്രജീഷാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് ജയിലിലെത്തി സൂപ്രണ്ടിനോടും തടവുകാരോടും സംഭവത്തെകുറിച്ച് വിവരങ്ങൾ ആരായുമെന്നും, ജീവനക്കാരുടെ രക്ത പരിശോധനയുടെ ഫലം ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം തുടരുമെന്നും എസ്.ഐ പറഞ്ഞു.